ആലപ്പുഴ: 19 ാം സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലെ ദേശഭക്തിഗാന മത്സരം ആവേശഭരിതമായി. ആലപ്പുഴ ഡിഇഒ ഓഫീസ് ഗ്രൗണ്ടിലെ വേദി മൂന്നില്‍ നടന്ന ദേശഭക്തിഗാന മത്സരമാണ് വിധികര്‍ത്താക്കളെയും കാണികളെയും ഒരേപോലെ വിസ്മയിപ്പിച്ചത്. ആവര്‍ത്തന വിരസത ഒട്ടുമില്ലാതെ വ്യത്യസ്തമായ ഗാനങ്ങളാണ് ഓരോസംഘവും അവതരിപ്പിച്ചത്.
കണ്ണൂര്‍ വികാസം ഭവന്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ഇന്ത്യയെന്ന നാട് എന്റെ സ്വന്തം നാട്’ എന്ന ഗാനവും തണ്ണീര്‍മുക്കം ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ഭാരത ഹൃദയ വിപഞ്ചികയിലുണരും രാഗമാലിക’ എന്ന ഗാനവും വയനാട് പുല്‍പ്പള്ളി കൃപാലയ സ്കൂള്‍ അവതരിപ്പിച്ച ‘ഗംഗാ യമുനാ തരംഗ മാലകള്‍ പാടും സംഗമഗീതം’ എന്നു തുടങ്ങുന്ന ഗാനവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
13 സ്കൂളുകളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ദേശഭക്തിഗാനത്തില്‍ ഒന്നിനൊന്ന് മികച്ച അവതരണമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. വേഷവിധാനത്തിലും ഗാനാവതരണത്തിലും ശ്രദ്ധ നേടിയ മൂവാറ്റുപുഴ നിര്‍മ്മല സദന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭാരതമേ… എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായി. രാഗസംവിധാനത്തോടുകൂടി ചില ഗാനങ്ങളും വളരെ മനോഹരമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഇത് വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: