അവഗണനയില്‍ അന്ധകാരനഴി

Sunday 9 April 2017 12:13 pm IST

അന്ധകാരനഴി വിനോദ സഞ്ചാരകേന്ദ്രത്തോടുള്ള അവഗണന തുടരുന്നു. എംഎല്‍എയടക്കമുള്ളവരുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. വിനോദസഞ്ചാര കേന്ദ്രം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിട്ടും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളോ ഒരുക്കുവാന്‍ തയാറായിട്ടില്ല. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേരാണ് ഈ ബീച്ചില്‍ കുളിക്കാനാറിങ്ങുന്നത്. ഇവര്‍ക്കു സുരക്ഷ ഒരുക്കുവാന്‍ ലൈഫ് ഗാര്‍ഡോ മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചുപേരാണ് ഇവിടെ മുങ്ങിമരിച്ചത്. പ്രദേശം മുഴുവന്‍ കാടുകയറി കിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രത്തോടനുബന്ധിച്ചുള്ള റസ്റ്റോറന്റിന്റെയും മത്സ്യലേലഹാളിന്റെയും മേല്‍ക്കൂര പുതുക്കി പണിയുവാനായി പൊളിച്ചുനീക്കിയത് മാസങ്ങളായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. വാക്ക് വേയുടെ കൈവരികള്‍ പൂര്‍ണമായി തുരുമ്പെടുത്തു നശിച്ചിരിക്കുകയാണ്. വാക്ക് വേയില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളും അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തുവെങ്കിലും പകരം സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഡിറ്റിപിസി ഏറ്റെടുത്തശേഷം ആകെയുണ്ടായ മാറ്റം ഇവിടെയെത്തുന്ന വാഹനങ്ങളില്‍നിന്നും പാര്‍ക്കിംഗ് ഫീസ് ഈടാക്കുക എന്നുമാത്രമാണ്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ടൂറിസ്റ്റ്‌കേന്ദ്രം ഏറ്റെടുക്കുവാന്‍ തയാറായിരുന്നു. എന്നാല്‍, ഡിറ്റിപിസി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടു പദ്ധതി പ്രദേശം ഏറ്റെടുക്കുകയായിരുന്നു. എങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ ജലരേഖയായി മാറുകയായിരുന്നു. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്നു പ്രദേശത്തു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു മാറ്റമില്ല. പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിനോദസഞ്ചാരകേന്ദ്രത്തിന്റെ വികസനവും സാധ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.