കൃഷിയിടത്തിലിറങ്ങിയ കാട്ടാന പാറയിടുക്കില്‍ വീണ് ചരിഞ്ഞു

Sunday 13 November 2016 9:32 pm IST

മറയൂര്‍: കരിമുട്ടിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാന പാറയിടുക്കിലേക്ക് വീണ് ചരിഞ്ഞു. ഇന്നലെ രാവിലെയാണ് 50-60 വയസുള്ള കൊമ്പനാനയെ കരിമുട്ടി വനത്തിനുള്ളില്‍ ചരിഞ്ഞ നിലയില്‍ വനം വകുപ്പ് വാച്ചര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആന മേഖലയിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ കാട്ടിലേക്ക് ഓടിച്ച് വിട്ടു. 50 അടി മുകളില്‍ നിന്ന് വീണ ആനയുടെ തലഭാഗം പാറയില്‍ ഇടിച്ച നിലയിലും കാലുകള്‍ മടങ്ങിയ നിലയിലുമാണ്. വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ രാഹുല്‍, മൂന്നാറില്‍ നിന്നുള്ള സര്‍ജന്‍ അബ്ദുള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയെ പരിശോധിച്ചു. വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവിടെ തന്നെ ആനയെ വിറക് കൂട്ടിയിട്ട് കത്തിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മേഖലയില്‍ പതിവായി എത്താറുള്ള ആന അവശ നിലയിലായിരുന്നു. കുന്നിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകം മരണകാരണം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.