ശബരിമല നട നാളെ തുറക്കും

Monday 14 November 2016 11:28 am IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കംകുറിച്ച് ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി നടതുറന്ന് നെയ്ത്തിരി തെളിയിച്ച് ഭഗവാനെ ഭക്തജനസാന്നിദ്ധ്യമറിയിക്കുന്നതോടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനത്തിന് തുടക്കമാകും. മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി മഹാആഴിയിലേക്ക് അഗ്നിപകരും, തുടര്‍ന്ന് ശരണംവിളിയുമായി അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ പതിനെട്ടാംപടി ചവിട്ടും. ഇനിയുള്ള നാളുകള്‍ നാടിനെ ശരണമന്ത്രമുഖരിതമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തും. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒരുക്കങ്ങള്‍ തീര്‍ത്ഥാടനപാതയിലടക്കം അവസാനഘട്ടത്തിലാണ്. നാളെ നടതുറന്നാല്‍ സന്നിധാനത്ത് പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല. വൈകിട്ട് 6 മണിയോടെ സന്നിധാനത്തെയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ആദ്യം ശബരിമല മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും . പുതിയ മേല്‍ശാന്തിയെ തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിലിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുക്കും. ഇതിന് മുന്‍പ് ശീകോവിലിന് വെളിയില്‍ ഒറ്റക്കലശം ആടും. തുടര്‍ന്ന് മാളികപ്പുറത്തെ മേല്‍ശാന്തിയുടെ അവരോധ ചടങ്ങും നടക്കും . ശബരിമല മേല്‍ശാന്തിയായി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.ഇ. മനുനമ്പൂതിരിയും വൃശ്ചിക പുലരിമുതല്‍ ചുമതലയേല്‍ക്കും. അന്ന് പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്രനടകള്‍ തുറക്കുന്നത്.നിലവിലുള്ള മേല്‍ശാന്തിമാര്‍ ഒരു വര്‍ഷം അയ്യപ്പ പൂജ ചെയ്തതിന്റെ സംതൃപ്തിയോടെ മലയിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.