അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഡോക്ടര്‍മാര്‍

Monday 14 November 2016 12:36 am IST

നെടുമ്പാശേരി: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. നെടുമ്പാശേരി സിയാല്‍ സെന്ററില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 59-ാംസംസ്ഥാന സമ്മേളനമായ പെരിയാര്‍ മെഡ്‌ഫെസ്റ്റില്‍ പങ്കെടുത്ത ഡോക്ടര്‍മാരാണ് തങ്ങളുടെ അവയവദാന സമ്മതപത്രം ഒപ്പിട്ട് നല്‍കി സമൂഹത്തിന് മാതൃകയായത്. സമ്മേളനത്തില്‍ പങ്കെടുത്ത മൂവായിരത്തിലധികം ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും സമ്മതപത്രം നല്‍കി. ഡോക്ടര്‍മാര്‍ക്ക് പുറമെ കുടുംബാംഗങ്ങളും അവയവദാന സമ്മതപത്രം നല്‍കി. ഐഎംഎ കേരളയില്‍ അംഗങ്ങളായ ഡോക്ടര്‍മാരുംകുടുംബാംഗങ്ങളും സമര്‍പ്പിച്ച അവയവദാന സമ്മതപത്രം സമാപന സമ്മേളനത്തില്‍ ഐഎംഎ അവയവദാന ബോധവത്ക്കരണ കമ്മിറ്റി കണ്‍വീനര്‍ ഡോ.എസ് വാസുദേവന്‍ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്‌ഡോ.വിജി പ്രദീപ് കുമാറിന് കൈമാറി. പരമാവധി ഡോക്ടര്‍മാരെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെെയാണ് മുന്നോട്ടു പോകുന്നതെന്ന് സ്ഥാനമൊഴിഞ്ഞ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എവി ജയകൃഷ്ണന്‍ പറഞ്ഞു. ഐഎംഎയുടെ നേതൃത്വത്തില്‍ റസിഡന്റ്‌സ് അസോസിയേഷനുകളിലും കോളേജുകളിലും അവയവദാന ബോധവത്ക്കരണം നടത്തുന്നുണ്ട്. അവയവദാനത്തിന് ഡോക്ടര്‍മാരും രംഗത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ അവയവദാനത്തിന് സന്നദ്ധരായി വരുമെന്ന പ്രതീക്ഷയിലാണ് ഐഎംഎ. ഗായകന്‍ ജി വേണുഗോപാലാണ് ഐഎംഎയുടെ അവയവദാന ബോധവത്ക്കരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തിന് വേണുഗോപാലും ഭാര്യയും അവയവദാന സമ്മത പത്രം ഒപ്പിട്ട് ഐഎംഎയ്ക്ക് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.