കോൺഗ്രസിനെ കണക്കറ്റ് വിമർശിച്ച് പ്രധാനമന്ത്രി

Monday 14 November 2016 2:29 pm IST

ലക്നൗ: നോട്ട് പിൻവലിച്ച നടപടിയെ വിമർശിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ കണക്കറ്റ് പ്രഹരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഗാസിപുരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. അടിയന്തരാവസ്ഥ രാജ്യത്ത് ഏര്‍പ്പെടുത്തിയവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് മോദി പറഞ്ഞു. തീരുമാനത്തെ ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ പുറകിൽ നിന്നും കുത്തുകയാണ്. ഭാരതത്തിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷവും പാവങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ട്. കള്ളപ്പണക്കാര്‍ക്കാണ് ഉറക്ക ഗുളിക തേടേണ്ട അവസ്ഥ സംജാതമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുമെന്ന് തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനായി 50 ദിവസത്തെ സമയം മാത്രമാണ് താന്‍ ചോദിക്കുന്നത്. 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അയല്‍ക്കാര്‍ വ്യാജ നോട്ടുകള്‍ വിപണിയില്‍ എത്തിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് തടയിടേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.