പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സെക്രട്ടറി

Tuesday 10 April 2012 11:06 am IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാനം രാജേന്ദ്രന്‍, സി.ദിവാകരന്‍, കെ.ഇ.ഇസ്മയില്‍ എന്നിവരുടെ പേരില്‍ സെക്രട്ടറിസ്ഥാനത്തേക്ക്‌ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന്‌ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ്‌ പന്ന്യന്‍ സെക്രട്ടറിയായത്‌. സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ സെക്രട്ടറിയെ തീരുമാനിക്കാനായില്ല. യോഗത്തില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായതാണ്‌ തടസ്സമായത്‌. മൂന്നര മണിക്കൂറാണ്‌ യോഗം നീണ്ടുനിന്നത്‌. ഇതിന്‌ ശേഷം നടന്ന സംസ്ഥാന കൗണ്‍സിലിലാണ്‌ പന്ന്യനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്‌. സി.ദിവാകരന്‍, കാനം രാജേന്ദ്രന്‍ എന്നിവരുടെ പേരുകളാണ്‌ സംസ്ഥാന സെക്രട്ടറിയായി പരിഗണനയ്ക്ക്‌ ആദ്യം വന്നതെങ്കിലും കെ.ഇ.ഇസ്മയിലിന്റെ പേര്‌ ഇതിനിടെ നിര്‍ദേശിക്കപ്പെട്ടതോടെയാണ്‌ ചര്‍ച്ചകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്‌. തുടര്‍ന്ന്‌ ദേശീയ നിര്‍വാഹകസമിതിയിലെ അംഗങ്ങള്‍ അനൗദ്യോഗിക സംഭാഷണം നടത്തി. സംസ്ഥാന കൗണ്‍സിലിലും ഈ മൂന്നുപേരുടെ കാര്യത്തിലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ കേന്ദ്രനേതൃത്വം പന്ന്യന്‍രവീന്ദ്രന്റെ പേര്‌ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.കെ.ചന്ദ്രപ്പന്റെ വിയോഗത്തെ തുടര്‍ന്നാണ്‌ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടിവന്നത്‌. സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, എ.ബി. ബര്‍ദന്‍, ഡി.രാജ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.