പിറവന്തൂര്‍ പഞ്ചായത്തിലെ ഭരണം തുലാസില്‍

Monday 14 November 2016 3:58 pm IST

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തില്‍ ഭരണസമിതിയിലെ പോര് മൂലം പി.എസ്.ശശികല പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. ഭരണസമിതിയിലെ മെമ്പര്‍ന്മാരുടെ മാനസിക പീഡനം മൂലമാണ് താന്‍ രാജി വെക്കുന്നതെന്നാണ് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളോട് പറഞ്ഞത് എന്നാണ് അറിയുന്നത്. രാജിക്കാര്യം സിപിഐ നേതൃത്വത്തെ അറിയിച്ചങ്കിലും ഇപ്പോള്‍ രാജി വെക്കണ്ട എന്ന നിലപാടാണ് പാര്‍ട്ടിക്കുളളത്. ഭരണം തുടങ്ങിയ നാള്‍ മുതല്‍ ഭരണസമിതിയില്‍ അഭിപ്രായഭിന്നതയായിരുന്നു. കഴിഞ്ഞ ദിവസം അജണ്ടയില്‍ ഇല്ലാത്തത് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ നിന്ന് പ്രസിഡന്റ് ഇറങ്ങിപ്പോവുകയും ചെയ്തു. ആരോപണപ്രത്യാരോപണങ്ങളുമായി പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഭരണസമിതി മെമ്പര്‍മാരും കഴിഞ്ഞ ദിവസങ്ങളിലാണ് പരസ്യപ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. പ്രസിഡന്റ് തന്നിഷ്ട പ്രകാരം ആരോടും കൂടിയാലോചിക്കാതെയാണ് ഓരോന്നും നടപ്പിലാക്കുന്നതെന്നാണ് പൊതുവെയുളള ആരോപണം. ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്താണ് പിറവന്തൂര്‍. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരുവര്‍ഷം തികയും മുമ്പാണ് പോര് പുറത്തായത്.'ഭരണസമിതിയിലെ തമ്മിലടി കാരണം വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുകയാണന്ന് പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാര്‍ ആരോപിച്ചു. ഭരണസമിതി യോഗങ്ങളുടെയും ഗ്രാമസഭകളുടെയും അജണ്ടകള്‍പോലും പ്രസിഡന്റ് അറിയാതെ വൈസ് പ്രസിഡന്റും മറ്റ് ഭരണസമിതി മെമ്പര്‍മാരും ചേര്‍ന്ന് സെക്രട്ടറിയുടെ സഹായത്തോടെ തയ്യാറാക്കുകയാണെന്നാണ് മറ്റൊരു ആരോപണം. ആദ്യത്തെ രണ്ടര വര്‍ഷം സിപിഐക്കാണ് പ്രസിഡന്റ് സ്ഥാനം. ഇക്കാലയളവില്‍ പഞ്ചായത്തില്‍ ഒരു വികസനപ്രവര്‍ത്തനവും നടക്കരുതെന്ന ചിലരുടെ ഗൂഡശ്രമമാണ് തമ്മിലടിക്ക് കാരണമെന്നാണ് അറിയുന്നത്. വരുംദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണസമിതിയില്‍ പോര് മുറുകാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.