ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ ഗൂഢാലോചന: ശശികല

Tuesday 15 November 2016 11:35 am IST

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍, ദേവസ്വം നിലപാടിനെതിരെ ഹിന്ദു ഐക്യ വേദി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന അധ്യക്ഷ കെ. പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ വന്‍ഗൂഢാലോചന നടക്കുന്നെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശബരിമല തീവച്ചു നശിപ്പിച്ചവരെ രക്ഷപ്പെടുത്തിയവരുടെ പിന്മുറക്കാരാണ് പിന്നില്‍. അയ്യപ്പന്മാര്‍ നോക്കുകൂലി നല്‍കേണ്ട ഗതികേടിലാണ്. ശരണം വിളിക്കേണ്ട നാവുകൊണ്ട് മുദ്രാവാക്യം വിളിക്കേണ്ട ഗതികേടിലാണ് അയ്യപ്പന്മാരെന്നും അവര്‍ കുറ്റപ്പെടുത്തി. ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍-ദേവസ്വം നിലപാടിനെതിരെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.

അയ്യപ്പന്മാര്‍ക്ക് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നിസ്സംഗരാണ്. തീര്‍ഥാടകര്‍ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ യാത്രചെയ്യേണ്ട അവസ്ഥയിലാണ്. പന്തളത്ത് വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള പാലം വീതികൂട്ടലിന്റെ പേരില്‍ പൊളിച്ചു. മണ്ഡലകാലം കഴിയാതെ അത് പുനര്‍നിര്‍മിക്കാന്‍ കഴിയില്ല. അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ലാഭം മാത്രം ഉറ്റുനോക്കുന്ന ദേവസ്വംബോര്‍ഡില്‍ നിന്നും ഇതില്‍ കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ട, അവര്‍ ചൂണ്ടിക്കാട്ടി.

ജലവിഭവ വകുപ്പ് നാലരക്കോടിയും ആഭ്യന്തരവകുപ്പ് ആറുകോടിയും വിദ്യുച്ഛക്തിവകുപ്പ് രണ്ടരക്കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുന്നാര്‍ അണക്കെട്ടിന് ഉയരം വര്‍ധിപ്പിക്കാതെ കുടിവെള്ളം മുട്ടിച്ച് അയ്യപ്പന്മാരെ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഹോട്ടല്‍ ലോബിക്ക് വന്‍ലാഭമുണ്ടാക്കാനാണ് ദേവസ്വംബോര്‍ഡ് അന്നദാനവഴിപാട് നിര്‍ത്തലാക്കിയത്. അന്നദാന വഴിപാടിന് ദേവസ്വം ബോര്‍ഡിന് ഒരിലയ്ക്ക് 12 രൂപവീതം അധികമായി നല്‍കണമെന്ന നിര്‍ദ്ദേശം മുഗള്‍ ഭരണത്തെ ഓര്‍മിപ്പിക്കുന്നു. കോടികള്‍ മുടക്കി പമ്പവരെയെത്തിച്ച അരവണ പ്ലാന്റ് അവിടെ കിടന്ന് തുരുമ്പിച്ചു. ഗുണനിലവാരമില്ലെന്നു പറഞ്ഞ് ശബരിമലയിലേക്ക് നിവേദ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതിലൂടെ നഷ്ടപ്പെടുന്നത് ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന കോടിക്കണക്കിന് രൂപയാണെന്നും ടീച്ചര്‍ പറഞ്ഞു.

പുരുഷന്മാരായ തീര്‍ഥാടകര്‍ക്കു പോലും പ്രാഥമികാവശ്യങ്ങള്‍ക്ക് മതിയായ സൗകര്യമൊരുക്കാത്ത സര്‍ക്കാരാണ് സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് വാദിക്കുന്നത്. ദര്‍ശനത്തിന് പണം ഈടാക്കാമെന്നു പറയുന്ന തൊഴിലാളിപ്പാര്‍ട്ടിയുടെ സര്‍ക്കാര്‍ ധനാഢ്യരുടെ മുത്തിനും മാണിക്യത്തിനും പ്രാധാന്യം നല്‍കുമ്പോള്‍ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വില മറക്കുന്നെന്നും ടീച്ചര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ എന്‍.കെ. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജ്യോതീന്ദ്രകുമാര്‍, സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സമിതിയംഗം കെ. പ്രഭാകരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി, സംഘടനാസെക്രട്ടറി കെ. പ്രഭാകരന്‍, ട്രഷറര്‍ വി. ശിവശങ്കരപ്പിള്ള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.