ശബരിമല നട തുറന്നു; മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് തുടക്കം

Tuesday 15 November 2016 11:35 pm IST

  ശബരിമല: ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍നിന്നുമുയര്‍ന്ന ശരണാരവത്താല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല ധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഇതോടെ ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി തിരുനട തുറന്നു ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴിയിലേക്ക് അഗ്നിപകര്‍ന്നു. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേല്‍ശാന്തിമാരെയും കൂട്ടി ശങ്കരന്‍നമ്പൂതിരി പടികയറി. പിന്നാലെ ശരണംവിളികളോടെ അയ്യപ്പഭക്തരും പതിനെട്ടാംപടി ചവിട്ടി. രാത്രിയോടെ പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകള്‍ ആരംഭിച്ചു. സന്നിധാനത്ത് ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും തുടര്‍ന്ന് മാളികപ്പുറത്ത് എം.ഇ.മനുനമ്പൂതിരിയുടേയും സ്ഥാനാരോഹണ ചടങ്ങുകള്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. സോപാനത്തില്‍പ്രത്യേക ചടങ്ങുകളോടെയാണ് ഇവരെ അഭിഷേകം ചെയ്തത്. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ അവരോധചടങ്ങുകളാണ് ആദ്യം നടന്നത്. ഒറ്റക്കലശം പൂജിച്ചു തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ അഭിഷേകം ചെയ്തു. പിന്നീട് ശ്രീകോവിലില്‍ കൊണ്ടുപോയി അയ്യപ്പമൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മനുനമ്പൂതിരിയുടെ സ്ഥാനാഭിഷേകവും പിന്നാലെ നടന്നു. സ്ഥാനമൊഴിയുന്ന ശബരിമല മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും പുതിയമേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ കാര്‍മികത്വം വഹിച്ചു. രാത്രിയില്‍നട അടച്ചത് സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തിമാരാണ്. താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറിയതോടെ ഇവരുടെ ചുമതലകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഒരുവര്‍ഷം പുറപ്പെടാശാന്തിമാരെന്ന നിലയില്‍ സന്നിധാനത്തുതാമസിച്ച് പൂജകള്‍ നിര്‍വഹിച്ചുവന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ രാത്രിയില്‍ തന്നെ മലയിറങ്ങി. പുതുതായി ചുമതലയേറ്റ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമലക്ഷേത്രത്തിലും മനു നമ്പൂതിരി മാളികപ്പുറത്തും ഇന്നു പുലര്‍ച്ചെ മൂന്നിനു നടതുറക്കും. തീര്‍ത്ഥാടനകാലത്ത് എല്ലാദിവസവും പുലര്‍ച്ചെയും വൈകുന്നേരവും മൂന്നിനാണ് നട തുറക്കുന്നത്. മണ്ഡലകാലത്തെനെയ്യഭിഷേകവും ഇന്നാരംഭിക്കും. പുലര്‍ച്ചെ 3.15 മുതല്‍ രാവിലെ11.30വരെയാണ് നെയ്യഭിഷേകം. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, സ്‌പെഷല്‍ കമ്മീഷണര്‍ എസ്. മനോജ്, മന്ത്രി മാത്യു ടി.തോമസ്, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ ശബരിമലയിലുണ്ടായിരുന്നു. മന്ത്രികടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, എഡിജിപി നിതിന്‍ അഗര്‍വാള്‍, ഐജിമനോജ് ഏബ്രഹാം എന്നിവര്‍ രാത്രി സന്നിധാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.