ആദിവാസി ഫണ്ട് സമഗ്ര അന്വേഷണം വേണം പട്ടികജാതി മോര്‍ച്ച

Monday 14 November 2016 11:08 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിനിയോഗത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഫണ്ടിനെപ്പറ്റി ധവള പത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഫണ്ട് വിനിയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ കമ്മീഷന്‍ കേരളം സന്ദര്‍ശിച്ച് ജനസഭ സംഘടിപ്പിച്ച് പരാതികള്‍ സ്വീകരിക്കും. 2012ല്‍ 44,500 ദളിത് പീഡന പരാതികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം 2016 ആയപ്പോഴേക്കും അത് 38000 ആയി കുറഞ്ഞു. മോദി സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളില്‍ ആകൃഷ്ടരാകുന്നതില്‍ അസൂയ പൂണ്ടാണ് പ്രതിപക്ഷം ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നതെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. പട്ടികജാതി മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, ദേശീയ സെക്രട്ടറി അഡ്വ.എല്‍.മുരുകന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.