മണ്ഡലകാലമായിട്ടും മുഹമ്മ - കുമരകം ഫെറിയില്‍ ബോട്ട് ഒന്നുമാത്രം

Tuesday 15 November 2016 7:15 pm IST

മുഹമ്മ:ശബരിമല സീസണ്‍ ഇന്ന് ആരംഭിച്ചിരിക്കെ മുഹമ്മ-കുമരകം ഫെറിയില്‍ ബോട്ട് ഒന്നു മാത്രം. മണ്ഡലക്കാലം ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം പെരുകുമ്പോള്‍ യാത്രാ ക്ലേശം അതിരൂക്ഷമാകും. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ജോലിയ്ക്ക് പോകുന്ന തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യാത്രാ ബോട്ടിന്റെ കുറവ് മൂലം സമയത്ത് ജോലിക്കെത്താനാകുന്നില്ല. യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വ്വീസ് നടത്തുന്നത.് ഇത് അപകടം ക്ഷണിച്ചുവരത്താന്‍ ഇടയാക്കും. രണ്ട് ബോട്ടില്‍ എസ് 52-ാം നമ്പര്‍ ബോട്ടാണ് കേടായത്. ഷാഫ്റ്റ് ഊരിപ്പോയതിനാല്‍ മുഹമ്മ ജെട്ടിയില്‍ ഇട്ടിരിക്കുകയായിരുന്നു. ഷാഫ്റ്റ് നന്നാക്കി കൊണ്ടുവന്ന് ഫിറ്റ് ചെയ്‌തെങ്കിലും പൂര്‍ണ്ണമായും യാത്രയോഗ്യമാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഈ ബോട്ട് ആലപ്പുഴ ഡോക്കിലേയ്ക്ക് വീണ്ടും കൊണ്ടുപോയി. പകരം സര്‍വ്വീസ് നടത്താന്‍ ബോട്ട് നല്‍കിയിട്ടില്ല.ഇത് മൂലം ഏകദേശം ഒന്നര മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്. കാത്തുനിന്ന് വലയുന്ന യാത്രക്കാര്‍ മറ്റുമാര്‍ഗ്ഗത്തിലൂടെയാണ് കുമരകത്തും മുഹമ്മയിലും എത്തുന്നത്.ഒരാഴ്ച പിന്നിട്ടിട്ടും സര്‍വീസ് പുനരാരംഭിക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.