സഹകരണ ബാങ്കുകള്‍ അടച്ചിടരുത്: കുമ്മനം

Tuesday 15 November 2016 2:35 pm IST

പത്തനംതിട്ട: സഹകരണ ബാങ്കുകള്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പെരുനാട് കൂനങ്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ റിസര്‍വ്വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുമുണ്ടാകാതെ ഇത് പരിഹരിക്കാവുന്നതാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തേക്കാള്‍ മികച്ച നിലയില്‍ സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഗുജറാത്തിലും കര്‍ണ്ണാടകയിലുമൊക്കെയുണ്ട്. അവിടെയെങ്ങും ഇല്ലാത്തപ്രശ്‌നം കേരളത്തിലുണ്ടെന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. സഹകരണബാങ്കുകള്‍ സാധാരണക്കാരുടേയും പാവങ്ങളുടേതുമാണ്. ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരണ ബാങ്ക് അധികൃതര്‍ ഏര്‍പ്പെടരുത്. ബാങ്കുകള്‍ സ്തംഭിപ്പിച്ച് നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കരണത്തിലെ നന്മ തിന്മകളെപ്പറ്റി ജനങ്ങളുടെ മുന്നില്‍ പരസ്യസംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധനാവണം. ഇന്ത്യയില്‍ സമാന്തര സമ്പദ്ഘടന കെട്ടിപ്പടുത്ത ദുഷ്പ്രഭുക്കന്മാരുടെ പിണിയാളായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ രംഗത്തുവരുന്നത്. അത്യധ്വാനം ചെയ്ത് പണമുണ്ടാക്കിയ സാധാരണക്കാരന്റെ പണത്തിന് വിലയുണ്ടാകണമെങ്കില്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ പടുത്തുയര്‍ത്തിയ സമാന്തര സമ്പദ്ഘടനയുടെ നെടുങ്കന്‍കോട്ടകള്‍ തകരണം. കേരളത്തിലുണ്ടാകുന്ന സാമ്പത്തിക വിപ്ലവത്തിന് തടയിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.