കോടികളുടെ പണം തട്ടിപ്പ്; പ്രതി പിടിയില്‍

Tuesday 15 November 2016 8:08 pm IST

ഇടുക്കി: സിനിമാ നിര്‍മ്മാണത്തിന്റെയും റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെയും പേരില്‍ ബ്ലഡ് ക്യാന്‍സര്‍ രോഗിയില്‍ നിന്നടക്കം പണം തട്ടിയെടുത്ത പ്രതി പോലീസ് പിടിയിലായി. മുല്ലക്കാനം, പുതുപ്പള്ളിയില്‍ ജില്‍ജോ മാത്യു(37)നെയാണ് പാഞ്ചാലിമേട്ടിലെ സിനിമാ ലൊക്കേഷനില്‍ നിന്നും അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിപ്പിനിരയായ 19 പേര്‍ ചേര്‍ന്ന് രാജാക്കാട് പോലീസില്‍ പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നു.  ഒരു വര്‍ഷത്തിനിടയില്‍ 30 പേരില്‍ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം. സിനിമാ താരങ്ങളോടും പിന്നണിഗായകരോടുമൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കി പലരില്‍ നിന്നും പണം തട്ടിയെടുത്തത്. വിശ്വാസ്യതക്കായി ഭാര്യയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖകളും മുദ്രപത്രവും ചെക്കും നല്‍കും. ബ്ലഡ്ക്യാന്‍സര്‍ രോഗിയായ രാജാക്കാട്, വെള്ളാപ്പിള്ളില്‍ അനൂപ് ചികിത്സക്കായി ഭൂമി വിറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. ചികിത്സയിലായ അനൂപിന്റെ വീട്ടില്‍ നിത്യേന സന്ദര്‍ശനം നടത്തി വിശ്വാസ്യതയാര്‍ജിച്ച ശേഷമാണ് ഉടന്‍ മടക്കി നല്‍കാമെന്ന ഉറപ്പില്‍ പണം കടം വാങ്ങിയത്. പകരം തുകയെഴുതാത്ത ചെക്ക് ഉറപ്പിന് വേണ്ടി നല്‍കിയിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതോടെ അനൂപ് ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും പണമില്ലാത്തതിനാല്‍ മടങ്ങി. കട്ടപ്പന സ്വദേശിയില്‍ നിന്നും രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയുടെ ഓഹരി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 13 ലക്ഷം രൂപ തട്ടിയെടുത്തത്. അടിമാലി പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഭൂമി നല്‍കാമെന്ന് പറഞ്ഞും പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.വിശദമായി ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂ എന്ന് അടിമാലി സി.ഐ ജന്മഭൂമിയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.