വൃശ്ചിക വ്രതാചരണത്തിന് തുടക്കം മണ്ഡലകാലത്തെ വരവേറ്റ് ക്ഷേത്രങ്ങള്‍

Tuesday 15 November 2016 9:49 pm IST

കോട്ടയം: മണ്ഡലകാലത്തെ വരവേറ്റ് ജില്ലയിലെ ക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം അയ്യപ്പ ഭക്തന്മാര്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലമഹോത്സവം. ഡിസംബര്‍ 26ന് ആണ് ശബരിമലയില്‍ മണ്ഡലപൂജ. ക്ഷേത്രങ്ങളിലെ ശാസ്താസങ്കേതങ്ങളില്‍ മണ്ഡലക്കാലം മുഴുവന്‍ വിശേഷാല്‍പൂജ, അയ്യപ്പന്‍ചിറപ്പ്, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാകും. പ്രധാന ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, വൈക്കം, തിരുനക്കര,എരുമേലി, കടപ്പാട്ടൂര്‍, കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം, മള്ളിയൂര്‍, കാഞ്ഞിരപ്പള്ളി ഗണപതികോവില്‍, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങള്‍ക്ക് പുറമേ ശബരിമല തീര്‍ത്ഥാടകര്‍ ഏറെ എത്തുന്ന മറ്റുപ്രധാനക്ഷേത്രസങ്കേതങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശബരിമല തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ 24 മണിക്കൂര്‍ കെട്ടുനിറയ്ക്കുള്ള സൗകര്യം, 800 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം, പൊലീസ് എയ്ഡ്‌പോസ്റ്റ്, അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ചുക്കുവെള്ള വിതരണം, ഭക്തജനങ്ങളെ സഹായിക്കാന്‍ ക്ഷേത്ര ഉപദേശക സമിതി, സേവാഭാരതി എന്നിവരുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, 18 ശുചിമുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 500 ലീറ്ററിന്റെ രണ്ടു ശുദ്ധജല ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ അയ്യപ്പന്മാര്‍ക്കായി അന്നദാനം നടത്തുന്നുണ്ട്. അയ്യപ്പനടയില്‍ 41 ദിവസം നീളുന്ന ഭജനോല്‍സവത്തിന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ തുടക്കമാകും. ക്ഷേത്രമൈതാനിയില്‍ തീര്‍ഥാടക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 24 മണിക്കൂര്‍ സംവിധാനവും ഒരുക്കി. തിരുനക്കര ബ്രാഹ്മണസമൂഹമഠത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും അന്നദാനവും ഉണ്ടായിരിക്കുമെന്ന് സമൂഹമഠം പ്രസിഡന്റ് എച്ച്.രാമനാഥന്‍ അറിയിച്ചു. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ആദ്ധ്യാത്മികപീഠം ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ക്ക് വിരിവെയ്ക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 4.30 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 8 വരെയും ദര്‍ശനസൗകര്യം ലഭിക്കും. ഭക്തര്‍ക്കായി രാവിലെ 7 മുതല്‍ രാത്രി 10 വരെ അന്നദാനം ക്രമീകരിച്ചിട്ടുണ്ട്. കുമാരനല്ലൂര്‍ ദേവീക്ഷേത്രസങ്കേതത്തിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പന്തലിലും ഊട്ടുപുരഹാളിലും വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യങ്ങള്‍ ഉണ്ട്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എം.സി.റോഡില്‍ കുമാരനല്ലൂര്‍ മേല്‍പ്പാലം ജങ്ഷനില്‍നിന്ന് അരകിലോമീറ്റര്‍ ഉള്ളിലാണ് ദേവീസങ്കേതം. ഫോണ്‍: 0481 2312737. കൂത്താട്ടുകുളം രാമപുരം പാലാ റൂട്ടില്‍ അമനകര ഭരത സ്വാമിക്ഷേത്രസങ്കേതത്തില്‍ സ്വാമിഭക്തരെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇവിടെ സൗകര്യങ്ങള്‍ ഉണ്ട്. വടക്കന്‍കേരളത്തില്‍നിന്ന് എത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് അമനകര ഭരതസ്വാമിക്ഷേത്രം. കാളികാവ് ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലും മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യശ്ചികം ഒന്നു മുതല്‍ മകരവിളക്ക് വരെ ദീപാരാധനയ്ക്ക് ശേഷം കാളികാവ് എസ് എന്‍ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഭജന നടക്കും. കാളികാവ് ദേവീക്ഷേത്രം, കുറവിലങ്ങാട് മഹാദേവക്ഷേത്രം, കോഴ നരസിംഹസ്വാമിക്ഷേത്രം, വയല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരീക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വെമ്പളളി ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ചടങ്ങുകള്‍ നടക്കും. പാലാപൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ധര്‍മ്മശാസ്താക്ഷേത്രം ശബരിമലതീര്‍ത്ഥാടകരുടെ പാരമ്പര്യ ഇടത്താവളങ്ങളിലൊന്നാണ്. പാലാ കടപ്പാട്ടൂര്‍വഴി എരുമേലിയിലേക്കുള്ള യാത്രയില്‍ ഏറെ തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് ഇളങ്ങുളം ശാസ്താക്ഷേത്രം. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശാസ്താസങ്കേതം ഒരുങ്ങിക്കഴിഞ്ഞു. പൊന്‍കുന്നം പുതിയകാവ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം എന്നീ ഇടത്താവളങ്ങളും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളങ്ങള്‍ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധവകുപ്പുകളുടെ സഹകരണത്തോടെ ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍, വൈക്കം, എരുമേലി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയ്ക്കും എരുമേലിക്കും സര്‍വ്വീസ് നടത്തും. കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ നിന്ന് അപ്പപ്പോള്‍ വാഹനസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.