അനൂപ് വധം: പ്രതികളെ വെറുതെ വിട്ടു

Tuesday 15 November 2016 10:00 pm IST

കോഴിക്കോട്: പശ്ചിമഘട്ടസംരക്ഷണസമിതി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത യുവാവിനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ സിപിഎമ്മുകാരായ പ്രതികളെ കോടതി വെറുതെവിട്ടു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപ് കൊല്ലപ്പെട്ട കേസിലെ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധി പ്രഖ്യാപിച്ചത്. സിപിഎം നേതാവും അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.പി.പവിത്രനടക്കം 59 പേരായിരുന്നു കേസിലെ പ്രതികള്‍. 2013 ഡിസംബര്‍ 16 ന് പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും പ്രകൃതിസംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ ധര്‍ണ്ണയ്ക്കു നേരെ രാഷ്ട്രീയ വിരോധം വെച്ച് സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ അനൂപ് കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ മുഴുവന്‍ പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുകയാണെന്നായിരുന്നു കോടതി വിധി. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസന്വേഷണത്തിലുടനീളം അനാസ്ഥ കാണിച്ചതായി വിധിന്യായത്തില്‍ പറഞ്ഞു. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശമായ നരിപ്പറ്റ പഞ്ചായത്തിലെ എടോനിമലയില്‍ സിപിഎം ഒത്താശയോടെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഹിന്ദു ഐക്യവേദി സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചത്. സിപിഎം ശക്തികേന്ദ്രത്തില്‍ നടത്തിയ ധര്‍ണ്ണയ്‌ക്കെതിരെ ആസൂത്രിതമായ അക്രമമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അക്രമത്തില്‍ പരിക്കേറ്റ നിട്ടൂര്‍ സ്വദേശിയും തെയ്യം കലാകാരനുമായ അനുപ് ഡിസംബര്‍ 19 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കേസില്‍ അന്നത്തെ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. പവിത്രന്‍ (നിലവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) അടക്കം 59 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ ഹൈക്കോടതി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കുന്നതിനായി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയുമായ കെ.കെ.ലതികയടക്കമുള്ള നിരവധി സിപിഎം നേതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.