ഇന്ത്യന്‍ സേനയ്ക്ക് ആയുധക്ഷാമം ഇല്ലെന്ന് ആന്റണി

Tuesday 10 April 2012 3:58 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക്‌ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവുണ്ടെന്ന വാര്‍ത്തകള്‍ അപവാദങ്ങള്‍ മാത്രമാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ഏത്‌ സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സര്‍വ സജ്ജമാണെന്നും വ്യോമസേനയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. സേനയ്ക്ക്‌ ആയുധങ്ങളുടെ കുറവ്‌ വരാറുണ്ട്‌. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ സേനയുടെ ആയുധങ്ങളുടെ സ്ഥിതി ശക്തമാണ്‌. അഞ്ചു വര്‍ഷത്തിനിടെ ആയുധ സമാഹരണത്തിനു 1,11,000 കോടി രൂപയാണു ചെലവാക്കിയത്. വ്യോമ സേന 317 ആയുധ സംഭരണ കരാറുകള്‍ ഉണ്ടാക്കി. ഇതു സര്‍വകാല റെക്കോഡാണ്. സൈന്യത്തിനു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുമെന്നും ആന്റണി പറഞ്ഞു. നാലു ദിവസത്തേക്കുള്ള ആയുധങ്ങള്‍ മാത്രമേ സൈന്യത്തിന്റെ പക്കലുള്ളൂവെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സൈന്യത്തിന്റെ ആവശ്യങ്ങളില്‍ നൂറു ശതമാനവും നിറവേറ്റാനാവില്ല. എന്നാല്‍ ഇപ്പോള്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലെന്നും ആന്റണി പറഞ്ഞു. സൈന്യമൊന്നാകെ മുന്‍നിരയില്‍ അല്ല. പലയിടത്തായി വ്യാപിച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ആയുധങ്ങളില്ലെന്നും 20 ദിവസത്തേക്കു മാത്രം ഉപയോഗിക്കാനാകുന്ന യുദ്ധ ടാങ്കുകള്‍ മാത്രമെ ഉള്ളൂവെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍പാകെ ജനറല്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു. ഇത് ഖണ്ഡിക്കുന്നതാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം. ആയുധശേഷി സംബന്ധിച്ച വിശദീകരണം നല്‍കാന്‍ മൂന്നു സേനാ മേധാവികളോടും സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 20നാണ് ഇവര്‍ ഹാജരാകേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.