ഓസീസ് നാണംകെട്ടു

Wednesday 16 November 2016 1:20 am IST

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ടെസ്റ്റ് ഇന്നിങ്‌സിനും 80 റണ്‍സിനും ജയിച്ചാണ് മൂന്നു മത്സര പരമ്പര സ്വന്തമാക്കിയത് (2-0). പെര്‍ത്തിലെ ആദ്യ ടെസ്റ്റ് 177 റണ്‍സിന് ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ രണ്ടാമത് ബാറ്റ് ചെയ്യിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് രണ്ടാമിന്നിങ്‌സില്‍ 161 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ - 85, 161, ദക്ഷിണാഫ്രിക്ക - 326. കെയ്ല്‍ അബോട്ടിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ത്തത്. രണ്ടിന് 121 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടര്‍ന്ന ആതിഥേയരായ ഓസീസിന് എട്ട് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഉസ്മാന്‍ ഖവാജയെ (64) നഷ്ടം. പിന്നീട് പെട്ടെന്ന് വിക്കറ്റുകള്‍ വീണു. എട്ടാമനായി നായകന്‍ സ്റ്റീവന്‍ സ്മിത്ത് (31) മടങ്ങിയതോടെ അവരുടെ പതനം ഉറപ്പായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (45) രണ്ടക്കം കണ്ടു. മറ്റുള്ളവര്‍ക്ക് അതിനായില്ല. രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത കെയ്ല്‍ അബോട്ട് കളിയിലെ താരം. രണ്ടാമത്തേതില്‍ 23.1 ഓവറില്‍ 77 റണ്‍ വഴങ്ങിയാണ് അബോട്ട് ആറു വിക്കറ്റെടുത്തത്. 17 ഓവറില്‍ 34 റണ്‍ വഴങ്ങി കാഗിസോ റബഡ നാലു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ വെര്‍നോണ്‍ ഫിലാന്‍ഡറുടെ അഞ്ച് വിക്കറ്റും ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കിയത്. രണ്ടാം ദിവസം മഴ മൂലം ഒരു പന്തു പോലും എറിയാതിരുന്നിട്ടും നാലാം ദിവസം കളി തീര്‍ക്കാനായി ദക്ഷിണാഫ്രിക്കയ്ക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടരെ മൂന്നാം പരമ്പര വിജയമാണിത്. മൂന്നാം മത്സരവും ജയിച്ച് തൂത്തുവാരുകയാണ് ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫെ ഡ്യുപ്ലെസിസ് മത്സരശേഷം പറഞ്ഞു. ഏറെ നിരാശയോടെ സംസാരിച്ച ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് കൂടുതല്‍ യുവതാരങ്ങള്‍ ടീമിലെത്തണമെന്ന് ആവശ്യപ്പെട്ടു. 24 മുതല്‍ അഡ്‌ലെയ്ഡില്‍ മൂന്നാം ടെസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.