കുമളി കെഎസ്ആര്‍ടിസി ഡിപ്പോ കിടയ്ക്കുന്നു

Wednesday 16 November 2016 9:02 pm IST

കുമളി: ശബരിമല സീസണ്‍ തുടങ്ങിയെങ്കിലും കെഎസ്ആര്‍ടിസിയുടെ കുമളി ഡിപ്പോയ്ക്ക് ഇല്ലായ്മകള്‍ മാത്രം. ശബരിമല സീസണ്‍ കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം സംഭാവന ചെയ്യുന്ന ഡിപ്പോയാണ് കുമളി. ഒന്‍പത്‌ലക്ഷം രൂപയ്ക്ക് മുകളിലാണ് ശബരിമല  സീസണിലെ ഇവിടുത്തെ പ്രതിദിന വരുമാനം. വണ്ടികളുടെ അഭാവവും, ജീവനക്കാരുടെ കുറവും  ഈ പൊതുമേഖല ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസറുടെ നേതൃത്വത്തില്‍ ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നെങ്കിലും പ്രായോഗിക നടപടികള്‍ ഉണ്ടാകാത്തത് മൂലം യോഗം പ്രഹസനമായി. കുഴികള്‍ നിറഞ്ഞ  കുമളി ഡിപ്പോയില്‍ സ്വന്തം വണ്ടികള്‍ കൂടാതെ മറ്റുഡിപ്പോകളിലെ നൂറുകണക്കിന് വണ്ടികളും സീസണ്‍ കാലത്ത് എത്താറുണ്ട്. വാഹനങ്ങള്‍ വൃത്തയാക്കുന്നതിനായി സാധാരണ ഹോസ് ഉപയോഗിച്ചുള്ള സര്‍വീസിങ് ആണ് നടക്കുന്നത്. പ്രതിദിനം 1300 രൂപ മുടക്കി സ്വകര്യ വ്യക്തിയില്‍ നിന്നാണ് ഇതിനായുള്ള വെള്ളം  കണ്ടെത്തുന്നത് വണ്ടികളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ആവശ്യത്തിന് മെക്കാനിക് ജീവനക്കാരില്ലാത്തത് പ്രധാന പ്രശ്‌നമാണ് . അതോടൊപ്പം സ്‌പെയര്‍ പാര്‍ട്‌സുകളുടെ കുറവും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഡ്രൈവര്‍മാരുടെ കുറവ് മൂലം പല സര്‍വീസുകളും മുടങ്ങാന്‍ സാധ്യതയുള്ളതായി ജീവനക്കാര്‍ തന്നെ പറയുന്നു. മറ്റു ഡിപ്പോകളില്‍ നിന്ന് ജീവനക്കാരെ ഉള്‍പ്പെടുത്തി ഒഴിവു നികത്തുമെന്ന് പറയുന്നുണ്ടെകിലും ശബരിമല സീസണ്‍ ആരംഭിച്ചു കഴിഞ്ഞതോടെ ഭക്തര്‍ യാത്ര ദുരിതം നേരിടുമെന്ന് ഉറപ്പാണ്. ഓര്‍ഡിനറി വണ്ടികള്‍ സീസണ്‍ കാലത്ത് സൂപ്പര്‍ ഫാസ്റ്റ് ആയി മാറി അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്നതും പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.