ടോട്ടല്‍ മോഡല്‍ തട്ടിപ്പ് ഇരിങ്ങാലക്കുടയിലും: യുവതി അറസ്റ്റില്‍

Wednesday 16 November 2016 9:18 pm IST

ഇരിങ്ങാലക്കുട: നൂറുക്കണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന മാള പുത്തന്‍ചിറ കാര്യാപ്പിള്ളി വീട്ടില്‍ ഷംസുദ്ദീന്‍ മകള്‍ സാലിഹ (29)യെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫ്, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എം.കെ. എന്നിവരുടെ സംഘമാണ് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. കോണത്തുകുന്നിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍ & സര്‍വ്വീസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ എം.ഡി. ആയിരുന്നു സാലിഹ. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെയും വിദേശ മലയാളികളെയുമാണ് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയത്. കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 10,000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരില്‍നിന്നും വന്‍തുക തട്ടിയെടുത്തത്. ആദ്യമാസങ്ങളില്‍ കൃത്യമായി ലാഭവിഹിതം കൊടുക്കുമായിരുന്നു. ഇതിലൂടെ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചാണ് കൂടുതല്‍ പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചത്. സാലിഹ നേരിട്ടാണ് തുക വാങ്ങിയിരുന്നത്. ഷെയര്‍മാര്‍ക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചത്. കോണത്തുകുന്ന് കൂടാതെ കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. കറുകക്കാട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്നും ഒരുകോടി അമ്പതു ലക്ഷം രൂപ തട്ടിയെടുത്തതിന് ആഗസ്റ്റില്‍ ഇരിങ്ങാലക്കുട പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് വന്‍തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്. സാലിഹക്കെതിരെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള തുടങ്ങി ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സലീഹയുടെ തട്ടിപ്പിനിരയായി പരാതി നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് പോലീസിനെ സമീപിക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എം.കെ. അറിയിച്ചു. സംസ്ഥാനത്ത് കുറച്ചനാള്‍ മുന്‍പ് നടന്ന ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പാണ് സാലിഹയും നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂര്‍ നഗരമദ്ധ്യത്തില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും, കോണത്തുകുന്നില്‍ ഒരു വീടും സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഈ തട്ടിപ്പ് റാണിയുടെ രീതി. ഇരിങ്ങാലക്കുട പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അപകടം മണത്തറിഞ്ഞ് സാലിഹ സംസ്ഥാനത്തിന് പുറത്ത് കടക്കുകയും അവിടെ നിന്ന് ദുബായിലേക്ക് രക്ഷപ്പെടുകയും ആയിരുന്നു. വിദേശത്തു നിന്ന് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സലീഹ പോലീസിന്റെ കണ്ണുവെട്ടിച്ച് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരെത്തി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായുരുന്നു. ഈ കേസില്‍പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാല്‍ കൂട്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ എസ്‌ഐ വി.വി.തോമസ്, എഎസ്‌ഐ മാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, ജയപാല്‍ എം.ജെ, ജെന്നിന്‍ കെ.എ, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവ് വി.ബി, വിനോഷ് എ.വി, വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിവ, തെസ്സിനി, ആഗ്‌നസ്, എന്നിവര്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.