മദ്യനയത്തിനെതിരെ മദ്യവിരുദ്ധ സംഘടനകളും കത്തോലിക്കാ സഭയും

Wednesday 16 November 2016 10:27 pm IST

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമാക്കി സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന ലഹരി വര്‍ജന മിഷന്‍ (വിമുക്തി) പരാജയമെന്ന് വിവിധ മതമേലദ്ധ്യക്ഷന്മാരും മദ്യവിരുദ്ധ സംഘടനാ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമുക്തി പദ്ധതി കോഴിയുടെ സംരക്ഷണം കുറുക്കനെ ഏല്‍പ്പിച്ചതിനു തുല്യമാണെന്ന് ലത്തീന്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. ലഹരി വര്‍ജന പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും സുതാര്യവുമായി നടപ്പാക്കുവാന്‍ സഹായകമായ മാതൃകകള്‍ മുന്നിലുള്ളപ്പോള്‍ എക്‌സൈസ് വകുപ്പിനെ വിമുക്തിയുടെ ഏകോപന ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ശരിയായ നടപടിയല്ല. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിനുശേഷം മദ്യ ഉപഭോഗത്തില്‍ 22.1 ശതമാനം കുറവുണ്ടായി. കുറ്റകൃത്യം 19 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ മദ്യ ലഭ്യത കുറയ്ക്കാന്‍ മുന്നോട്ടു വരുന്നില്ല. മദ്യനയത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്നോട്ടു പോകുകയാണ്. ഇത് അനുവദിക്കാനാകില്ല. മദ്യ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാത്ത നയം തുടര്‍ന്നാല്‍ ജനകീയമായും നിയമപരമായും എതിര്‍ക്കും. മദ്യലഭ്യത വര്‍ദ്ധിപ്പിച്ചിട്ട് ബോധവത്കരണത്തിന് പണം ചെലവഴിക്കുന്നത് വിരോധാഭാസമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ സുബോധം ലഹരി നിര്‍മാര്‍ജന പദ്ധതി എക്‌സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. ലഹരി നിര്‍മാര്‍ജനത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിമുക്തി മിഷന്റെ ക്രോഡീകരണ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് വകുപ്പില്‍നിന്നു മാറ്റി സാമൂഹ്യ നീതി വകുപ്പിന്റെയോ മറ്റ് ഏതെങ്കിലും വകുപ്പിന്റെയോ കീഴില്‍ സുതാര്യമായി നടപ്പാക്കുവാന്‍ തയ്യാറാകണമെന്ന് സൂസപാക്യം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഡിസംബര്‍ 14 ന് യോഗം ചേര്‍ന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മതമേലദ്ധ്യക്ഷന്മാരായ ബിഷപ്പ് ജോഷ്വാ മാര്‍ അത്തനേഷ്യസ്, പാളയം ഇമാം സഹൈബ് മൗലവി, അഡിക് ഇന്ത്യ ചെയര്‍മാന്‍ ജോണ്‍സണ്‍ ഇടയാറന്മുള, ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകന്‍ കെ.ബി. ജഗദീശന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.