എത്തിയത് അഞ്ച് ലക്ഷം കോടി

Wednesday 16 November 2016 10:51 pm IST

സാമ്പത്തിക അച്ചടക്ക പ്രഖ്യാപനം വന്നതോടെ കോടിക്കണക്കിന് ലക്ഷങ്ങളാണ് ബാങ്കുകളിലേക്ക് ഒഴുകിയെത്തുന്നത്. ഏകദേശ കണക്കുകള്‍ പ്രകാരം ഇത് അഞ്ചു ലക്ഷം കോടി ആയിരിക്കുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ പിന്മാറ്റത്തോടെ ഇന്ത്യയിലെ കടലാസ് പണ ലഭ്യതയില്‍ 86 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഇത് 14 ലക്ഷം കോടി രൂപയാണ് (500 ന്റെ നോട്ടുകള്‍ 7.85 കോടിയും 1000 ത്തിന്റേത് 6.33 കോടിയും) എങ്കിലും ഇതിനെക്കാള്‍ എത്രയോ അധികം പണം ഇന്ത്യന്‍ പണവിപണിയില്‍ നിലവിലുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പൊളിച്ചെഴുത്തിനു കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നത്. ഇതോടെ കള്ളപ്പണവും കള്ളനോട്ടുകളും ഒഴികെയുള്ളവ ചെറിയ സംഖ്യകളുടെ നോട്ടുകളായി മാറ്റിവാങ്ങിയോ, അല്ലെങ്കില്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചോ ബാങ്കുകളിലേക്ക് മടങ്ങിയെത്തി. പ്രചാരത്തില്‍ ഉണ്ടായിരുന്ന 14 ലക്ഷം കോടിയും തിരിച്ചു ബാങ്കുകളില്‍ എത്തുമോ അതോ അതില്‍ കൂടുതല്‍ എത്തുമോ എന്നതായിരിക്കും പ്രധാന ചോദ്യം. കോടിക്കണക്കിനു രൂപയുടെ കള്ളനോട്ടുകള്‍ നമുക്കിടയില്‍ 'നല്ലവനായി' തന്നെ ഉണ്ട്. ഇത്തരം കള്ളനോട്ടുകള്‍ കറന്‍സി സംവിധാനത്തില്‍ നിന്ന് എടുത്തുകളയാനോ തുടച്ചുമാറ്റാനോ ഉള്ള സംവിധാനങ്ങളും സൗകര്യങ്ങളും നമ്മുടെ ബാങ്കുകള്‍ക്ക് ഉണ്ടോ എന്നതും സംശയമാണ്. എന്നിരിക്കിലും, എല്ലാറ്റിന്റെയും നിജസ്ഥിതി അക്കൗണ്ടുകളിലൂടെ നിക്ഷേപിക്കാനുള്ള അവസാന ദിവസമായ ഡിസംബര്‍ മുപ്പതോടെ അറിയാനാകും. ഉണ്ടാവേണ്ടിയിരുന്ന 14.18 കോടിയേക്കാള്‍ കൂടുതല്‍ ബാങ്കുകളിലൂടെ റിസര്‍വ് ബാങ്കില്‍ എത്തുന്നുവെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്ന കള്ളനോട്ടുകളില്‍ കുറച്ചെങ്കിലും ഇപ്പോഴും ഉണ്ടെന്നു തന്നെയാണര്‍ത്ഥം. കുറവാണെങ്കില്‍ കള്ളപ്പണക്കാരും കള്ളനോട്ടുകാരും പത്തി താഴ്ത്തിയിരിക്കുന്നു എന്നുവേണം കരുതാന്‍. എന്താണെങ്കിലും തിരിച്ചുവന്നതും വരാതിരിക്കുന്നതുമായ എല്ലാ 500, 1000 നോട്ടുകളും പിന്‍വലിക്കുന്നതോടെ ഇന്ത്യയിലെ കടലാസ് പണം കള്ളപ്പണത്തില്‍ നിന്നും കള്ളനോട്ടുകളില്‍ നിന്നും പൂര്‍ണമായും മുക്തി നേടിയെന്നുതന്നെ അവകാശപ്പെടാം. ബാക്കിയുള്ള 14 ശതമാനത്തില്‍ വരുന്ന 100, 50, 20, 10, 5 നോട്ടുകളില്‍ കള്ളനും കള്ളപ്പണവും ഇല്ലെന്ന നിഗമനത്തില്‍ നിന്നുകൊണ്ടുതന്നെ. അറിഞ്ഞോ അറിയാതെയോ സാധാരണക്കാരായ നമ്മില്‍ പലരും കള്ളപ്പണക്കാരാവാറുണ്ട്. കൈകൂലിക്കാരനായതുകൊണ്ടോ കള്ളനോട്ടിന്റെ വ്യാപനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടോ അല്ല ഇത്. നിസ്സാരമായി മാത്രമേ ഇക്കാര്യം തിരിച്ചറിയുന്നവര്‍ പോലും കരുതുന്നുള്ളൂ. നവംബര്‍ എട്ടിനുശേഷം അത്തരമൊരു സത്യവും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. എങ്ങനെയാണ് സാധാരണക്കാരനായ ഒരാളെ കള്ളപ്പണത്തിലേക്കുള്ള വഴിയിലേക്ക് തള്ളിവിടുന്നത്? ഒരേ ഒരു കാരണം. വീടോ, ഫ്‌ളാറ്റോ, പറമ്പോ വാങ്ങുമ്പോള്‍ നമ്മള്‍ അറിയാതെയാണെങ്കിലും കള്ളപ്പണത്തിന്റെ കുഴിയിലേക്ക് നയിക്കപ്പെടുന്നു. ഒരുദാഹരണം പറയാം. അമ്പതു ലക്ഷത്തിന്റെ വസ്തു വാങ്ങാന്‍ കച്ചവടമുറപ്പിക്കുന്നുവെങ്കിലും അത് രജിസ്റ്റര്‍ ചെയ്യുന്നത് വെറും പത്തു ലക്ഷത്തിനായിരിക്കും. കഴുത്തറപ്പന്‍ മുദ്രപ്പത്രനിരക്കും (6 %) അമിത റജിസ്‌ട്രേഷന്‍ ഫീയും (2 %) അത്തരമൊരു നടപടിയിലേക്കു ആളുകളെ വലിച്ചിഴക്കുന്നു. ഇതിലുപരി 'സര്‍വീസ് ചാര്‍ജ്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൈക്കൂലിയും. വില കുറച്ചു ആധാരം രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടുതന്നെ കൈക്കൂലി എന്നത് ഒരു പാക്കേജ് ആയാണ് ആധാരമെഴുത്തുകാര്‍ അവതരിപ്പിക്കുന്നതും. സത്യസന്ധമായി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത് 50 ലക്ഷത്തിന്റെ ആറും രണ്ടും എട്ടു ശതമാനമായ നാല് ലക്ഷം രൂപയും പിന്നെ മാമൂലുകളും. അതുകൊണ്ടുതന്നെ ആധാരം 10 ലക്ഷത്തിനു മാത്രം കാണിച്ച് ആധാരത്തിനായി 60000 + 20000 = 80000 രൂപയില്‍ ഒതുക്കുന്നു (എഴുത്തിന്റെയും കൈക്കൂലിയുടെയും കാര്യം പുറമെ). മറിച്ചു മുദ്രപ്പത്ര നിരക്കും റജിസ്‌ട്രേഷന്‍ ചാര്‍ജും ഒരു ശതമാനം ആയിരുന്നെങ്കില്‍ സത്യസന്ധമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കും വിധം വേദിയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇവിടെ അമ്പതു ലക്ഷത്തിന് ഒന്നും ഒന്നും രണ്ടു ശതമാനം ആയ ഒരു ലക്ഷം രൂപയ്ക്കു കാര്യം നടത്താം, കൈക്കൂലി കൊടുക്കാതെ. മുദ്രപ്പത്രനിരക്കും റജിസ്‌ട്രേഷന്‍ ചാര്‍ജും ഒരു ശതമാനം വീതം ആയി നിജപ്പെടുത്തിയാല്‍ മൂന്നു തരത്തില്‍ അത് ഗുണകരമാവും. സത്യസന്ധമായി വസ്തു ആധാരങ്ങള്‍ നടക്കും. കൊടുക്കലും വാങ്ങലും സത്യസന്ധമായതുകൊണ്ട് കള്ളപ്പണത്തിന്റെ ഉറവിടം ഉണ്ടാവുന്നില്ല. മൂന്നാമതായി, കൈക്കൂലിയെന്ന അനാവശ്യ ഘടകവും ഉപേക്ഷിക്കാനാവുന്നു. ഇതാണ് പറ്റിയ സമയം. ഇപ്പോഴാണ് ആളുകളുടെ പണപ്പെട്ടിയെല്ലാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്ന സമയം. ഇപ്പോള്‍ വേണം സംസ്ഥാന സര്‍ക്കാരും ശുദ്ധീകരണത്തിന് ഒരുങ്ങേണ്ടത്. ഏറ്റവും കൂടുതല്‍ പണമിടപാട് നടക്കുന്നതും സുതാര്യത ഏറ്റവും കുറവും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ആണെന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും സത്യസന്ധമായ വസ്തു കൈമാറ്റങ്ങള്‍ക്കു പ്രോത്സാഹനമാകും വിധം മുദ്രപ്പത്ര നികുതിയും റജിസ്‌ട്രേഷന്‍ ഫീയും ഓരോ ശതമാനമായി കുറക്കണം. ഈ രംഗം ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ കള്ളപ്പണം വീണ്ടും ഉണ്ടാവുന്നതിനെ തടയാന്‍ പറ്റും. (ദി ഹിന്ദുവിലും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലും പത്രപ്രവര്‍ത്തകനായും ശോഭ ഗ്രൂപ്പിലും റീലിന്‍സ് ജിയോവിലും കോര്‍പ്പറേറ്റ് ആന്‍ഡ് മീഡിയ അഫയേഴ്‌സ് ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചയാളാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.