രണ്ട് വര്‍ഷത്തിനിടെ കണ്ടെത്തിയത് 648 മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍

Wednesday 16 November 2016 11:21 pm IST

കൊച്ചി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച 4927 ഭക്ഷ്യ സാമ്പിളുകളില്‍ 648 എണ്ണം നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്തതോ മായം ചേര്‍ത്തതോ ആണെന്ന് കണ്ടെത്തിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഉത്തരവാദികള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാല്‍, പാല്‍ ഉത്പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, പഴം, പച്ചക്കറി, ധാന്യങ്ങള്‍, മത്സ്യം, മാംസം, മധുര പലഹാരങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍, കുടിവെള്ളം, ബേക്കറി ഉത്പ്പന്നങ്ങള്‍, തേയില, കാപ്പി തുടങ്ങിയ ഭക്ഷേ്യാത്പ്പന്നങ്ങളാണ് പരിശോധിച്ചത്. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകട, ജൂസ് സ്റ്റാള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രതേ്യക സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ എല്ലാ നിയമസഭാമണ്ഡലങ്ങളിലും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസ് സ്ഥാപിക്കും. പുതിയ 80 ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മായം ചേര്‍ക്കുന്നതായി കണ്ടെത്തിയ 15 വെളിച്ചെണ്ണ ബ്രാന്റുകള്‍ നിരോധിച്ചു. വ്യാജ എണ്ണക്കായി തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിക്കും. .മായം ചേര്‍ന്ന തേയില കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന അനധികൃത തേയില നിര്‍മ്മാണ കേന്ദ്രം പൂട്ടി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള അനലിറ്റിക്കല്‍ ലാബുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും അക്രഡിറ്റേഷന്‍ കരസ്ഥമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അനലിറ്റിക്കല്‍ ലാബുകളുടെ ആധുനികവത്ക്കരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് പിടികൂടുന്ന ഭക്ഷ്യ സാമ്പിളുകള്‍ സംസ്ഥാനത്ത് തന്നെ പരിശോധിക്കാനാവും. അനലിറ്റിക്കല്‍ ലാബുകളുടെ പരിപാലനം ചെലവേറിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലാബ് അനുവദിക്കുന്നത് സാധ്യമല്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പില്‍ നിന്നും വിശദീകരണം തേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.