സുഷമാ സ്വരാജ് ആശുപത്രിയില്‍; വൃക്ക നല്‍കാന്‍ തയ്യാറായി ജനങ്ങള്‍

Wednesday 16 November 2016 11:38 pm IST

ന്യൂദല്‍ഹി: ഗുരുതര വൃക്ക തകരാറിനെ തുടര്‍ന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍. ഡയാലിസിസ് ആരംഭിച്ചു. സുഷമാ സ്വരാജ് തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തുവിട്ടത്. വൃക്ക മാറ്റിവെയ്ക്കലിനുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. നവംബര്‍ 7ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഷമയെ നിരവധി തവണ ഡയാലിസിസിന് വിധേയയാക്കി. രോഗവിവരം ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെ വൃക്ക നല്‍കാന്‍ തയ്യാറായി നിരവധി പേര്‍ ട്വീറ്റു ചെയ്തു. ആയിരക്കണക്കിന് പേരാണ് സുഷമാ സ്വരാജിന് രോഗം മാറാന്‍ ആശംസകള്‍ നേര്‍ന്നത്. എന്‍ഡിഎ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിലെ മികവിലും ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ് സുഷമ. സുഷമയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. നാളുകളായുള്ള പ്രമേഹം ആണ് വൃക്കകളെ ബാധിച്ചത്. എയിംസിലെ കാര്‍ഡിയോ തൊറാസിക് സെന്ററില്‍ ഡോ. ബല്‍റാം ഐരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി പ്രമേഹത്തിന് ചികിത്സയിലാണ്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏപ്രിലില്‍ എയിംസില്‍ പ്രവേശിക്കപ്പെട്ട സുഷമ മാസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇതിന് പിന്നാലെ പ്രമേഹം കൂടിയതോടെ വൃക്കകളുടെ സ്ഥിതി മോശമായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.