കലക്കവെള്ളത്തില്‍ നിന്ന് കേരളാ ബാങ്ക്

Thursday 17 November 2016 11:42 am IST

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാതെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനു പിന്നിലെ ലക്ഷ്യം കേരളാബാങ്ക്. നോട്ട് അസാധു വിഷയത്തിലൂടെ സഹകരണ സംഘങ്ങളുടെ പ്രതിസന്ധി മുതലാക്കി കേരളാ ബാങ്കിനെ ലക്ഷ്യത്തിലെത്തിക്കാനാണ് നീക്കം. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുക. നോട്ട് അസാധു പ്രതിസന്ധയില്‍ സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ആര്‍ബിഐ നിയമപ്രകാരം ദേശസാല്‍കൃത ബാങ്കുകളിലേതുപോലെയുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. എന്നാല്‍ പ്രാഥമിക സഹകരണ സംഘങ്ങളും ക്രെഡിറ്റ് സംഘങ്ങളും നന്നേ വലയുന്നുണ്ട്. ഇവരെ സഹായിക്കേണ്ട സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ ആപത്ഘട്ടത്തില്‍ കൈ മലര്‍ത്തി. ഈ അവസരം ധനവകുപ്പ് മുതലാക്കും. നോട്ട് അസാധുവാക്കിയപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ബാങ്കുകളിലെ ഇടപാടുകള്‍ സുതാര്യമായിരുന്നു എന്നു കാട്ടി കേരള ബാങ്ക് രൂപീകരണ വേളയില്‍ വ്യാപക പ്രചാരണം നടത്താം. ഇതിലൂടെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ക്രെഡിറ്റ് സംഘങ്ങളിലെയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കേരള ബാങ്കിലേക്ക് എത്തിക്കാം. ഇപ്പോള്‍ തന്നെ സഹകരണ സംഘങ്ങളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കുകളിലും ഉണ്ട്. ക്രെഡിറ്റ് സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുന്നതോടെ ഈ നിക്ഷേപങ്ങള്‍ തടഞ്ഞുവയ്ക്കാം. സഹകരണ സംഘങ്ങളിലെ ഇടപാടുകാര്‍ക്ക് കേരള ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ അവസരം നല്‍കും. തടഞ്ഞു വച്ച നിക്ഷേപം കേരളബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രതിസന്ധിഘട്ടത്തില്‍ സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്നത്. ഇതിലൂടെ നേടിയെടുക്കുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കിഫ്ബ് വഴി കേരളത്തിലെ അടിസ്ഥാന വികസന മേഖലയില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. സഹകരണ സംഘങ്ങള്‍ ജില്ലാ ബാങ്ക് മുഖേന സര്‍ക്കാര്‍ ഓഹരി എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കണം. എന്നാല്‍ നിക്ഷേപങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇത് നിക്ഷേപകരില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.