ശബരിമല ഇടത്താവളം പദ്ധതി തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നു

Thursday 17 November 2016 12:37 am IST

????????????????????????????????????

തളിപ്പറമ്പ്: ശബരിമല അയ്യപ്പഭക്തര്‍ക്കായി ഒരുക്കുന്ന ഇടത്താവളം പദ്ധതി തടസ്സപ്പെടുത്തിയ നടപടി പ്രതിഷേധത്തിന് കാരണമായി. അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ പരിയാരം കോരന്‍പീടികയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ഇടത്താവളം പദ്ധതിയാണ് സിപിഎം നേതൃത്വത്തിലുളള ചില സംഘടനകളുടെയും പോലീസിന്റെയും ഇടപെടല്‍ മൂലം തടസ്സപ്പെട്ടത്. ഇതേത്തുടര്‍ന്ന് കേന്ദ്രം കോരന്‍ പീടികയിലേക്ക് മാറ്റുകയായിരുന്നു. അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ബക്കളം നെല്ല്യാട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇടത്താവളം നടത്തിവരുന്നുണ്ട്. അയ്യപ്പേസേവാ സമിതിയിലുണ്ടായ ഗ്രൂപ്പ് വഴക്കിന്റെ അടിസ്ഥാനത്തില്‍ നെല്ല്യാട്ട് ശാഖയില്‍ നടക്കുന്ന ഇടത്താവള പദ്ധതി സിപിഎം നേതൃത്വത്തിലാക്കുകയായിരുന്നു. അയ്യപ്പേസേവാ സംഘം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ്സ് നേതാവുമായ കൊയ്യം ജനാര്‍ദ്ദനനെ പുറത്താക്കിക്കൊണ്ട് യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.സി.മണികണ്ഠന്‍ സിപിഎം പിന്തുണയോടെയാണ് ബക്കളത്ത് ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടക ഇടത്താവളം ആരംഭിച്ചിട്ടുള്ളത്. ഇതില്‍ പ്രതിഷേധിച്ച് കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പരിയാരം കോരന്‍ പീടികയില്‍ ഇടത്താവളം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പരിയാരം പഞ്ചായത്തും ചില സംഘടനകളുമാണ് എതിര്‍പ്പുമായി രംഗത്തു വന്നത്. സിപിഎമ്മാണ് ഇതിന് പിന്നില്‍. ഇതേത്തുടര്‍ന്ന് സംഘാടകര്‍ക്ക് കേന്ദ്രം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. പോലീസ് അധികൃതര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്ന് പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് നടത്താന്‍ തീരുമാനിച്ച കേന്ദ്രം കോരന്‍ പീടികയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇതിനെതിരെയും ചിലര്‍ രംഗത്തു വരികയായിരുന്നു. ഒടുവില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇപ്പോള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുള്ളത്. ഇടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഎം അധികാരമുപയോഗിച്ച് ഇടത്താവളം പദ്ധതി തടയാനുള്ള നീക്കം നടത്തിയത് വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.