സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു

Thursday 17 November 2016 4:15 pm IST

ന്യൂദല്‍ഹി: ഛത്തീസ്ഗന്ഢീല്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മതേമ്പാറ, ഗോണ്ഡാപാള്ളി വാനന്തരങ്ങളില്‍ നടന്ന ഏറ്റുമുട്ടലിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. മതേമ്പാറ, ഗോണ്ഡാപാള്ളി വനാന്തരങ്ങളില്‍ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് നക്സലൈറ്റുകളെ കണ്ടെത്തിയത്. മണിക്കുറുകളോളം നീണ്ട ഏറ്റുമുട്ടലിലാണ് നക്സലൈറ്റുകളെ വധിക്കാനായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദന്ദേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സുഖ്മ ഡിആര്‍ജി എന്നീ സുരക്ഷാ സൈന്യങ്ങള്‍ സംയുക്തമായാണ് നക്സലൈറ്റുകള്‍ക്കെതിരായ നീക്കം നടത്തിയത്. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ നക്സലൈറ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂര്‍ നീണ്ട പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ എസ്പി കംലോച കശ്യപ് പറഞ്ഞു. ഏറ്റുമുട്ടലിന് ശേഷം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ട ആറ് നക്സലൈറ്റുകളുടെ മൃതദേഹം വീണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ നിന്നും 303, 315, ഡബിള്‍ ബാരല്‍ റൈഫിളുകള്‍ കണ്ടെടുത്തതായും പോലീസ് കൂട്ടിചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.