യുഡിഎഫ് നേതാവ് സഹ. ബാങ്കില്‍ 14 കോടി നിക്ഷേപിച്ചു: കെ. സുരേന്ദ്രന്‍

Friday 18 November 2016 12:15 pm IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന സര്‍വീസ് സഹകരണ ബാങ്കില്‍ യുഡിഎഫ് നേതാവ് 14 കോടിരൂപ നിക്ഷേപിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമാണ് ഏഴ് അക്കൗണ്ടുകളിലായി ഈ പണമിട്ടത്. ഒരു യുഡിഎഫ് നേതാവ് നേതൃത്വം നല്‍കുന്നതാണീ ബാങ്ക്. നാലുദിവസംകൊണ്ട് 28,000 കോടി രൂപയുടെ നിക്ഷേപം സഹകരണ ബാങ്കുകളില്‍ എത്തിയെന്നാണ് പറയുന്നത്. കേരളത്തിലെ പാവപ്പെട്ടവര്‍ നടത്തിയ നിക്ഷേപമാണിതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കേരളത്തിലെ 69 ശതമാനം കര്‍ഷകരും കാര്‍ഷികേതര ജോലിയില്‍ ഏര്‍പ്പെട്ട 49 ശതമാനം പേരും കടക്കെണിയിലാണെന്നാണ് കണക്ക്. പിന്നെയെങ്ങനെയാണ് ഇത്ര നിക്ഷേപം. സുരേന്ദ്രന്‍ ചോദിച്ചു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ ബാങ്കുകളില്‍ എത്ര നിക്ഷേപം എത്തിയെന്ന് വ്യക്തമാക്കണം. ഇതു തന്നെയാണ് സംസ്ഥാനത്തെയും അവസ്ഥ. സഹകരണബാങ്കുകളുടെ പേര് പറഞ്ഞ് കള്ളപ്പണക്കാരെ സഹായിക്കാനാണ് ഇടതു-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിരിക്കുന്നത്. ഇരുമുന്നണികളും സഹകരണ മേഖലയില്‍ നടത്തിയ അനഭിലഷണീയമായ പ്രവണതകളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായത്. ഇതാണ് സാധാരണക്കാരെ വരെ ബുദ്ധിമുട്ടിക്കുന്നതിന് വഴിവെച്ചത്. ഇതിന് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും കേരളത്തിലെ സാധാരണക്കാരോട് മാപ്പുപറയണം. നിയമസഭയില്‍ ഒരു അംഗം മാത്രമുള്ള ബിജെപിയല്ല സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയത്. സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. അതിനെയാണ് എതിര്‍ക്കേണ്ടത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ അതു നല്‍കാന്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ സംഘടിതശക്തി ഉപയോഗിച്ച് തടയുകയായിരുന്നു പലയിടത്തും. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലസഹകരണ ബാങ്കുകളിലും നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. സഹകരണബാങ്കില്‍ കള്ളപ്പണം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഒന്നോ രണ്ടോ ബാങ്കില്‍ ബിജെപി നേതാക്കളെയും കൂട്ടിപ്പോകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി പറഞ്ഞത് ആത്മാര്‍ത്ഥമായാണെങ്കില്‍ പിണറായി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും പരിശോധന നടത്താന്‍ തയ്യാറാവണം. അതിനായി കേരളത്തിലെ തലമുതിര്‍ന്ന ബിജെപി നേതാക്കളെ തന്നെ വിട്ടുതരാം. ഇടതു-വലതു മുന്നണികള്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കിയ അനഭിലഷണീയ പ്രവണതകളെയാണ് ചോദ്യം ചെയ്യുന്നതെന്നും കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാസെക്രട്ടറിമാരായ എന്‍.പി. രാമദാസന്‍, സി.പി. സതീഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.