കാഠ്മണ്ഡുവിലെ ക്ഷേത്രങ്ങള്‍

Thursday 17 November 2016 10:19 pm IST

എവറസ്റ്റും മറ്റു കൊടുമുടികളും കണ്ടുകൊണ്ടുള്ള ആകാശയാത്ര ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണ്. പത്തുമണിയോടെ വിമാനം എയര്‍പോര്‍ട്ടിലെ നിലംതൊട്ടു. ബസ്സിലെത്തിയപ്പോള്‍ എല്ലാവരും ആവേശം കൊണ്ടു. ഗൈഡ് നൂറി ഓരോരുത്തരോടും ചോദിച്ചു. ''ഹൗ വാസ് എവറസ്റ്റ്?'' പറയാന്‍ വാക്കുകളില്ല. ''വണ്ടര്‍ഫുള്‍, യൂണിക്ക്, അണ്‍ബിലീവബിള്‍, മെജസ്റ്റിക്ക്...'' ഓരോരുത്തര്‍ക്കും ആനന്ദാതിരേകം. പിന്നീടുള്ള യാത്ര കാഠ്മണ്ഡുവിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം മുഖാരാബിന്ദ് എന്നറിയപ്പെടുന്നു. കേദാര്‍ മലനിരകളില്‍ വച്ച് പാപമോചനത്തിനായി പാണ്ഡവര്‍ ശിവനെ കടന്നുപിടിച്ചപ്പോള്‍ പിടികൊടുക്കാതെ ഉയര്‍ന്നുപൊങ്ങിയ പരമശിവന്റെ മുഖം നേപ്പാളിലെ മുഖാരബിന്ദ് എന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് ദര്‍ശനയോഗ്യമായി എന്നാണ് വിശ്വാസം. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മുഖഭാഗമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ആ കാരണത്താല്‍ കേദാര്‍നാഥിലും പശുപതിനാഥിലും ദര്‍ശനം നടത്തിയാല്‍ ശിവന്റെ പൂര്‍ണരൂപം ദര്‍ശനയോഗ്യമാകുന്നു എന്നാണ് സങ്കല്‍പം. അഞ്ചു മുഖങ്ങളോടുകൂടിയ പഞ്ചമുഖശിവന്റെ നാലുമുഖങ്ങളാണിവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. അഞ്ചാമത്തെ മുഖം അന്തര്‍മുഖമാണ്. ബാഗ്മതി നദിയുടെ തീരത്താണ് ക്ഷേത്രം. റോഡില്‍നിന്ന് കുറച്ചുദൂരം നടക്കാനുണ്ട് ക്ഷേത്രത്തിലേക്ക്. വീഥികള്‍ക്കിരുവശവും രുദ്രാക്ഷം, സ്ഫടികം, കല്ലുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളാണ്. വീഥികളില്‍ ധാരാളം പശുക്കളും കാളകളും വിഹരിക്കുന്നു. നേപ്പാളില്‍ ഗോക്കളെ ദൈവതുല്യം ആരാധിക്കുന്നു. ക്ഷേത്രത്തിനകത്ത് വലിയ തിരക്കുണ്ടായിരുന്നില്ല. പഞ്ചമുഖശിവലിംഗത്തിന്റെ നാലുമുഖങ്ങള്‍ ദര്‍ശിക്കാന്‍ സാധിച്ചു. ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാലിന് പരുക്കുപറ്റി എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന പശുക്കുട്ടിക്ക് ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുരങ്ങന്‍ പഴുത്ത മാങ്ങ കൊണ്ടുകൊടുക്കുന്നതും ആര്‍ത്തിയോടെ പശുക്കുട്ടി അതുതിന്നുന്നതുമായ കാഴ്ചകണ്ടു. ഹൃദയസ്പര്‍ശിയായ കാഴ്ചയായിരുന്നു അത്. കാശിയിലേതുപോലെ ഇവിടെയും ഏതുസമയത്തും ചിതകള്‍ എരിയുന്നു. പെട്ടെന്ന് മഴ പെയ്തതിനാല്‍ ക്ഷേത്രത്തിനകത്തുതന്നെ ഏറെനേരം ചെലവഴിക്കേണ്ടിവന്നു. നാട്ടിലെ ക്ഷേത്രങ്ങളിലേതുപോലെ യാചകരെ ഇവിടെ കണ്ടതേയില്ല. പശുപതിനാഥ ക്ഷേത്രദര്‍ശനത്തിനുശേഷം ടിബറ്റന്‍ ബുദ്ധമതക്കാരുടെ കേന്ദ്രസ്ഥാനമായ ബൗദ്ധനാഥ് ക്ഷേത്രം കാണാന്‍ പോയി. തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ബുദ്ധസ്തൂപം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഭീമാകാരമായ പ്രാര്‍ത്ഥനാചക്രം ഇവിടെയുണ്ട്. നേപ്പാള്‍ രാജാവായിരുന്ന മാനവേദനാല്‍ നിര്‍മിതമായ സ്തൂപമാണിത്. ടൂറിസം മാപ്പുകളിലെല്ലാം കാണുന്ന നേപ്പാളിന്റെ സുന്ദരകാഴ്ചകളിലൊന്നാണ് സ്വയംഭൂനാഥ് ക്ഷേത്രം. 77 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ബുദ്ധക്ഷേത്രം 2000 വര്‍ഷങ്ങള്‍ക്ക് മുന്നെ നിര്‍മിക്കപ്പെട്ടതാണത്രെ. ശാന്തിയുടെയും സമാധാനത്തിന്റെയും ചിഹ്നമായ അര്‍ദ്ധഭൂഗോളാകൃതിയില്‍ വെളുപ്പു നിറത്തിലാണിതിന്റെ നിര്‍മാണം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും ബുദ്ധന്റെ കണ്ണുകള്‍ വരച്ചുവച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങളുണ്ട്. അതിമനോഹരമായ കാഴ്ചകളിലൊന്നാണ് സ്വയംഭൂനാഥ് ക്ഷേത്രം. ബുദ്ധ നീലകണ്ഠ ക്ഷേത്രത്തിലേക്ക് കാഠ്മണ്ഡുവില്‍നിന്ന് അല്‍പദൂരം സഞ്ചരിക്കേണ്ടതുണ്ട്. ശിവപുരി പര്‍വതത്തില്‍ കൊച്ചു ജലാശയത്തിലാണ് ശയന വിഷ്ണുവുള്ളത്. അതിമനോഹരമായ വിഗ്രഹമാണെങ്കിലും ജലാശയത്തിലെ മാലിന്യങ്ങള്‍ മനം മടുപ്പിക്കുന്നതായിരുന്നു. ജലാശയത്തിന് തൊട്ടുമുകളില്‍ രുദ്രാക്ഷ മരം കായ്ച്ചുനില്‍ക്കുന്നു. ക്ഷേത്രത്തിലപ്പോള്‍ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. വാദ്യഘോഷങ്ങള്‍ക്കൊപ്പം വിവാഹ സംഘത്തിലെ സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് കുറേനേരം നോക്കിനിന്നു. ഷോപ്പിങ്ങിന് കുറച്ച് കടകള്‍ അവിടെയുമുണ്ട്. നേപ്പാളി സ്ത്രീകളാണ് എവിടെയും വില്‍പനക്കാര്‍. അവര്‍ക്ക് ഇന്ത്യന്‍ രൂപയാണ് വേണ്ടത്. നേപ്പാളി രൂപയ്ക്ക് മൂല്യം കുറവാണ്. നേപ്പാളില്‍ ഭാരതത്തിന്റെ 500 രൂപാ നോട്ടുകള്‍ എവിടെയും സ്വീകാര്യമല്ല. വിമാനത്താവളത്തിലൊക്കെ ചിലര്‍ 500 രൂപാ നോട്ടുമായി വിഷമിക്കുന്നത് കണ്ടിരുന്നു. നേരം മൂന്നരയായി. ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി. നല്ല ക്ഷീണം. റൂമിലെത്തിയതും കയറിക്കിടന്നുറങ്ങിപ്പോയി. ആറുമണിക്ക് ഷോപ്പിങ്ങിന് പോകാനായി റിസപ്ഷനില്‍ എത്തിച്ചേരാന്‍ പറഞ്ഞിരുന്നു. റിസപ്ഷനിലേക്ക് പോകാനായി എഴുന്നേറ്റു. രണ്ടടി നടന്നു. ശക്തമായ നടുവേദന. ഒട്ടും നടക്കാന്‍ പറ്റുന്നില്ല. മൗണ്ടന്‍ സിക്‌നസ്സിന്റെ ലക്ഷണമാണ്. സമുദ്ര നിരപ്പില്‍നിന്ന് 4423 അടിയാണ് കാഠ്മണ്ഡുവിന്റെ ഉയരം. ഈശ്വരാ! ഇപ്പോഴെ അസുഖമോ? അപ്പോള്‍ 19500 അടി ഉയരമുള്ള ഡോള്‍മയില്‍ ഞാന്‍ എന്തു ചെയ്യും? ഉടനെ ഉത്തരം കിട്ടി. ''കുറച്ചു വിശ്രമിക്കുക.... സാരമില്ല.'' സമാധാനമായി റൂമില്‍ വിശ്രമിച്ചു. നടുവിന് ബാക്ക് ഗോസ് കെട്ടി, മരുന്നു കഴിച്ചു. വേദന കുറഞ്ഞു. ഡിന്നറിന് മിടുക്കിയായിപ്പോയി. ട്രക്കിങ്ങിന് അല്‍പാഹാരമാണ് ഏറ്റവും നല്ലത്. സര്‍വേശ്വരന്റെ പ്ലാനിങ് എത്ര കൃത്യം. ആഹാരത്തിന് രുചിയേ തോന്നുന്നില്ല. പഴങ്ങള്‍ മാത്രം കഴിച്ചു. രാത്രി എട്ടുമണിക്ക് ഷോപ്പിങ്ങിന് പോകാനിറങ്ങി. കുറച്ചുപേര്‍ കൂടെ വരാനുണ്ട്. ഹോട്ടലിന് മുന്നില്‍ നിന്ന് ടാക്‌സി കിട്ടി. ടാക്‌സി ഡ്രൈവര്‍ കൃത്യമായി ഷോപ്പിങ് മാളില്‍ കൊണ്ടാക്കി. സര്‍വസാധനങ്ങളുമുണ്ട്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും സൗന്ദര്യവര്‍ധക സാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമെല്ലാം. എല്ലായിടത്തും ചുറുചുറുക്കോടെ നേപ്പാളി പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നു. രാത്രിയിലും പ്രസന്നമായ മുഖഭാവം. വലിയ വിലയൊന്നുമില്ല സാധനങ്ങള്‍ക്ക്. എനിക്കൊന്നും വാങ്ങിക്കാനില്ല. വെറുതെ കാഴ്ചകള്‍ കണ്ടു നടന്നു. പത്തായപ്പോള്‍ കടകളോരോന്നായി അടച്ചു തുടങ്ങി. ഞങ്ങള്‍ മടങ്ങിപ്പോന്നു. ഡ്രൈവര്‍ ഡോറിനടുത്തു തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. റൂമിലെത്തി എസി ഓണാക്കി കിടന്നുറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.