മേയര്‍ കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി ഭരണം നടത്തുന്നതായി പരാതി

Thursday 17 November 2016 10:25 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി ഒരു കോക്കസിനെ ഉപയോഗിച്ച് ഭരണം നടത്തുകയാണെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ.ടി.ഒ.മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിലര്‍മാര്‍ മാത്രമല്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പോലും അറിയാതെയാണ് പല പരിപാടികളും കോര്‍പ്പറേഷനകത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്ത് കമ്മറ്റി തയ്യാറാക്കിയ സിസിടിവി, ഗാന്ധി സര്‍ക്കിളിലെ ഡിജിറ്റല്‍ സിഗ്നല്‍ സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ പോലുമറിയാതെയാണ് നടത്തിയത്. ഒരു വര്‍ഷക്കാലത്തെ കോര്‍പ്പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച പ്രതിപക്ഷ അംഗങ്ങളെ കുറ്റപ്പെടുത്തുന്ന മേയറുടെ നിലപാട് അപലപനീയമാണ്. കൗണ്‍സില്‍ യോഗങ്ങള്‍ യഥാസമയം വിളിച്ചു ചേര്‍ക്കാത്ത നടപടിയെ വിമര്‍ശിച്ചതിനെതിരെ മേയര്‍ പ്രതികരിക്കാത്തത് എന്തു കൊണ്ടാണെന്നും ഇവര്‍ ചോദിച്ചു. യോഗങ്ങളൊന്നും ചേരാതെ ഏകപക്ഷീയമായി മേയര്‍ തീരുമാനങ്ങള്‍ കൈക്കൊളളുകയാണ്. യുഡിഎഫ് ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം. ഇതിനായി ക്രിയാത്മകമായ ചര്‍ച്ചയും കൂട്ടായ്മയും ഉണ്ടാകണണമെന്നും അന്ധമായ രാഷ്ട്രീയവും ധാര്‍ഷ്ട്യവും ധിക്കാരവും മാറ്റിവെച്ച് തുറന്ന മനസ്സോടെ മേയര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ ലി.കെ.വിനോദ്, അഡ്വ.പി.ഇന്ദിര, സി.സീനത്ത്, കെ.ജമിനി, ഷാഹിന മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.