ഐഎസിനെയും നാണിപ്പിച്ച് ചുവപ്പ് ഭീകരത

Thursday 17 November 2016 10:38 pm IST

നാടിനെ നടുക്കിയ ക്രൂരത… പയ്യന്നൂര്‍ അന്നൂരില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മൃതദേഹത്തിന് മുന്നില്‍ വാവിട്ടുകരയുന്ന ഭാര്യയും മക്കളും

അതിക്രൂരമായി കൊന്നൊടുക്കുക, പിന്നീട് കൊല്ലപ്പെട്ടയാളുടെ ഓര്‍മ്മകളെ പോലും അപമാനിക്കുക. കൊടുംഭീകരര്‍ പോലും ചെയ്യാത്ത ക്രൂതരയാണ് കണ്ണൂരില്‍ സിപിഎം നടപ്പാക്കുന്നത്. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും പോലും അക്രമിക്കുന്ന ഐഎസ് ഭീകരതയുടെ നേര്‍പതിപ്പാണ് കണ്ണൂരിലെ ചുവപ്പു ഭീകരത.

കണ്ണൂരില്‍ ചുവപ്പും പച്ചയും തമ്മില്‍ അടുത്ത കാലത്തായി രൂപംകൊണ്ട കൂട്ടുകെട്ട് പിണറായി ഭരണത്തില്‍ തഴച്ചുവളരുകയാണ്. മതഭീകരവാദികളും ചുവപ്പു ഭീകരവാദികളും ഇവിടെ ഒന്നായിക്കഴിഞ്ഞു. സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും ഇപ്പോള്‍ മതഭീകരരുടെ ഒത്താശയുണ്ട്. പണം നല്‍കിയും മറ്റു സൗകര്യങ്ങള്‍ ഒരുക്കിയും അക്രമത്തില്‍ നേരിട്ട് പങ്കാളികളായും മാര്‍ക്‌സിസ്റ്റ് ഭീകരര്‍ക്കു പിന്നില്‍ മതഭീകരരുമുണ്ട്.
കണ്ണൂരിലെ പോലീസും അക്ഷരാര്‍ത്ഥത്തില്‍ ഇക്കൂട്ടരുടെ ഭാഗമാണ്.

നിരപരാധികളെ കേസില്‍ കുടുക്കുക, കസ്റ്റഡിയില്‍ പീഡിപ്പിച്ച് ജയിലിലടക്കുക, ഒടുവില്‍ കൊടുംകുറ്റവാളികളെന്ന് മുദ്രകുത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തുക. ഇതാണ് കാലങ്ങളായി കണ്ണൂരിലെ പോലീസ് ചെയ്തുവരുന്നത്. പിന്നീട് സിപിഎം നരഭോജികള്‍ക്ക് മുന്നിലേക്കാണ് ഇവരെ പോലീസ് തള്ളുന്നത്. പോലീസും മതരാഷ്ട്രീയ ഭീകരവാദവും ഒന്നിച്ച് അരങ്ങുതകര്‍ക്കുകയാണ് കണ്ണൂരില്‍.

അരുംകൊലയ്ക്കിരയാക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശവക്കല്ലറകള്‍ തകര്‍ക്കുക, കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്നു കെട്ടിത്തൂക്കുക, സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് നേരെ ബോംബെറിയുക, ലോകം കണ്ട കമ്യൂണിസ്റ്റ് ഭീകരതയുടെ നേര്‍പകര്‍പ്പാണ് കണ്ണൂരിലെ കോട്ട കാക്കാന്‍ സിപിഎം നടപ്പാക്കുന്നത്.
പയ്യന്നൂര്‍ മേഖലയില്‍ മാത്രം മാര്‍ക്‌സിസ്റ്റ് ഭീകരര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. ജില്ലാ നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയതായിരുന്നു അക്രമ പരമ്പരകള്‍.

ബിഎംഎസ് മേഖലാ പ്രസിഡന്റും ഓട്ടോറിക്ഷാ ഡ്രൈവറുമായ അന്നൂര്‍ പടിഞ്ഞാറെ കരയിലെ സി.കെ. രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ഇതുവരെ ഒരു കേസില്‍പോലും പ്രതിയല്ലായിരുന്നു രാമചന്ദ്രന്‍. മൂന്നുവര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനോദിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ രാമചന്ദ്രനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത് കൊലചെയ്യുകയായിരുന്നു. സാക്ഷിപറയരുതെന്ന് പല തവണ സിപിഎമ്മുകാര്‍ രാമചന്ദ്രനെ ഭീഷണിപ്പെടുത്തുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും വീട്ടുവരാന്തയില്‍ റീത്ത് വയ്ക്കുകയും ചെയ്തിരുന്നു.

വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മാര്‍ക്‌സിസ്റ്റ് കാപാലികരോട് തന്റെ ഭര്‍ത്താവിനെ കൊല്ലരുതെയെന്ന് രാമചന്ദ്രന്റെ ഭാര്യ രജനി കാലുപിടിച്ച് കരഞ്ഞപേക്ഷിച്ചിരുന്നു. എന്നാല്‍ താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു നാട്ടുകാരും ബന്ധുക്കളുമായ സിപിഎമ്മുകാര്‍ ചെയ്തത്. അച്ഛനെ ഒന്നും ചെയ്യരുതെയെന്ന പതിമൂന്നു വയസ്സുമാത്രം പ്രായമുള്ള രണ്ടു മക്കളുടെയും വിലാപവും ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്. രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയശേഷം അടുക്കളയും വീടിന്റെ മറ്റുഭാഗങ്ങളും തകര്‍ത്താണ് അക്രമികള്‍ മടങ്ങിയത്.

മക്കള്‍ അടുത്തവീടുകളിലെത്തി സംഭവം പറഞ്ഞെങ്കിലും സിപിഎമ്മുകാരെ ഭയന്ന് ആരും അങ്ങോട്ടേക്ക് വരാന്‍ തയ്യാറായില്ല. കരഞ്ഞ് തളര്‍ന്ന കുട്ടികള്‍ ഒരുകിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ബിഎംഎസ് പ്രവര്‍ത്തകനെ മൊബൈല്‍ ഫോണില്‍ വിളിച്ച് വിവിരം അറിയിക്കുകയായിരുന്നു. ഇതെസമയം ഇദ്ദേഹത്തിന്റെയും വീട് സിപിഎമ്മുകാര്‍ പൊളിച്ചടുക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം വീട് തകര്‍ന്ന ദുഃഖത്തിലും ഇദ്ദേഹമെത്തിയാണ് രാമചന്ദ്രനെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

അര്‍ദ്ധരാത്രിയില്‍ അച്ഛനെ കൊല്ലുന്നത് കാണേണ്ടിവന്ന മക്കളുടെയും ഭര്‍ത്താവിനെ വെട്ടിവീഴ്ത്തുന്നത് കണ്ട ഭാര്യയുടെയും മാനസികാവസ്ഥ ആര്‍ക്കും സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണ്. മണിക്കൂറുകളോളം ചേതനയറ്റ് ചോരയില്‍ മുങ്ങിയ മൃതദേഹവുമായി ആലംബമില്ലാതെ വാവിട്ടുകരയുന്ന അമ്മയുടെയും പിഞ്ചുകുട്ടികളുടെയും ദുരവസ്ഥ കണ്ണൂരിന്റെ മുഖമുദ്രയാണ്. ഇതാണ് കൊട്ടിഘോഷിക്കുന്ന സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍.
എന്നാല്‍ ഇതൊന്നും രാഷ്ട്രീയ തിമിരം ബാധിച്ച മാര്‍ക്‌സിസ്റ്റ് മാടമ്പിമാരെ തരിമ്പും ബാധിക്കുന്നില്ല. അവര്‍ അടുത്ത ഇരകളുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. വധശിക്ഷയ്ക്ക് വിധിക്കേണ്ടത് ആരെയെന്ന് ജയരാജന്‍ തീരുമാനമെടുത്തു കഴിഞ്ഞു. എന്ന്, എപ്പോള്‍ നടപ്പാക്കുമെന്നു മാത്രമാണ് അറിയാനുള്ളത്. രക്തരക്ഷസ്സുകള്‍പോലും സിപിഎം നേതാക്കളുടെ ചോരക്കൊതിക്കു മുന്നില്‍ മാനം കെടും.

രാമചന്ദ്രന്റെ വിധവയെയും മക്കളെയും ആശ്വസിപ്പിക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരായ ഓട്ടോറിക്ഷാ തൊഴിലാളികളെ സിപിഎമ്മുകാര്‍ ഭീഷണപ്പെടുത്തി. സംസ്‌കാര ദിവസം മുഴുവന്‍ ഓട്ടോറിക്ഷകളും ഓടണമെന്ന സിപിഎം തിട്ടൂരത്തെ തള്ളി തൊഴിലാളികള്‍ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി പണിമുടക്കി. നാട്ടില്‍ ജനകീയനായിരുന്നു രാമചന്ദ്രന്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവന് വിലപറയാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും.

ജനപ്രിയനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തങ്ങളുടെ രാഷ്ട്രീയ മാടമ്പിത്തത്തിന് ഭാവിയില്‍ തിരിച്ചടിയാകുമെന്ന് സിപിഎം നേതാക്കളുടെ തിരിച്ചറിവാണ് അവരെ നിഷ്ഠുരമായ കൊലപാതകത്തിലേക്ക് നയിക്കുന്നത്. കൊലപാതകങ്ങള്‍, വീടു തകര്‍ക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, കുട്ടികളെ അക്രമിക്കുക, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ല. കൊലനിലങ്ങളിലെ കിരീടം വയ്ക്കാത്ത രാജാവായി പി. ജയരാജനും.

പയ്യന്നൂരില്‍ സിപിഎം സംഘം കൊലചെയ്ത വിനോദ് കുമാറിന്റെ അമ്മയുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഇപ്പോഴും അവര്‍ ഭീഷണി മുഴക്കുന്നു. ഇ.പി. ജയരാജന്റെ തട്ടകമായ പാപ്പിനിശ്ശേരിയില്‍ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അടിച്ചുകൊന്ന സുജിത്തിന്റെ അമ്മയും ഇപ്പോഴും മകന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയായില്ല. വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് മാര്‍ക്‌സിസ്റ്റ് ഭീകരര്‍ സുജിത്തിനെ തല്ലിക്കൊന്നത്. സുജിത്തിന്റെ മാതാപിതാക്കളുടേയും സഹോദരന്റെയും കൈകാലുകള്‍ അടിച്ചു തകര്‍ത്തു. ജയരാജന്റെ വീടു സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചതിനുള്ള ശിക്ഷയായിരുന്നു സുജിത്തിന്റെ കൊലപാതകം.

1989 ആഗസ്റ്റില്‍ സംഘശാഖയിലേക്ക് പോകുകയായിരുന്ന അരോളിയില്‍ വിശ്വനാഥനെ വെട്ടിക്കൊലപ്പെടുത്തിയാണ് പാപ്പിനിശ്ശേരിയില്‍ കൊലപാതക രാഷ്ട്രീയത്തിന് സിപിഎം തുടകം കുറിച്ചത്. 2013ല്‍ കെ. ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലിക്ക് പോയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി. എം. വിനോദിനെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു. സിപിഎം അക്രമത്തില്‍ ജീവച്ഛവമായി കഴിയുന്നവരും അംഗഭംഗം വന്നവരും നൂറുകണക്കിനാണ്. കീച്ചേരിയിലെ സുനില്‍, കോട്ടപ്പാലത്തെ അജേഷ്, കണ്ണപുരത്തെ ഹരീഷ്….. പട്ടിക നീളുകയാണ്. എന്നിട്ടും പുരപ്പുറത്തു കയറിനിന്ന് സമാധാനത്തിന്റെ വക്താക്കളായി മേനിനടിക്കുകയാണ് ജയരാജന്മാരും വിജയനും.

ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സഹ ശരീരീക് ശിക്ഷണ്‍ പ്രമുഖ് ചാലോട് നെരിപ്പോട്ടുകരി ശാരദാലയത്തില്‍ ഷിനോയിയുടെ വീട് ബോംബെറിഞ്ഞാണ് സിപിഎമ്മുകാര്‍ തകര്‍ത്തത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും തകര്‍ന്നു. അക്രമസംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
നാടിന്റെ വെളിച്ചമായ വിദ്യാലയങ്ങള്‍ക്കുപോലും മാര്‍ക്‌സിസ്റ്റ് മാടമ്പിമാരില്‍ നിന്ന് രക്ഷയില്ല.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയവര്‍ക്ക് എന്ത് മനസ്സാക്ഷി? കൊലപാതകികളെ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ വീരപരിവേഷത്തോടെ സ്വീകരിച്ച് എഴുന്നള്ളിക്കുന്നവര്‍ നല്‍കുന്ന സന്ദേശം ഭീതിയുടേതാണ്, നിഷ്ഠുരതയുടെതാണ്. കൊലപാതകികള്‍ നാടും പാര്‍ട്ടിയും ഭരിക്കുമ്പോള്‍ കണ്ണൂരില്‍ കണ്ണീര്‍ച്ചാലുകള്‍ക്ക് അവസാനമുണ്ടാകില്ല.

നാളെ: നിലവിളികള്‍ അവസാനിക്കുന്നില്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.