സഹകരണമേഖല: 21 ന് സര്‍വകക്ഷിയോഗം

Thursday 17 November 2016 11:05 pm IST

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 21 ന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 ഉച്ചയ്ക്ക് 3 ന് മസ്‌കറ്റ് ഹോട്ടലിലാണ് യോഗം. ഇതിനുശേഷം യുഡിഎഫുമായി ഒത്തുചേര്‍ന്ന് സംയുക്തപ്രക്ഷോഭം നടത്താനും ധാരണയായിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് അടിയന്തിര യോഗം 21 ന് രാവിലെ ചേരും. സര്‍വകക്ഷിയോഗത്തില്‍ ബിജെപിയെയും വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്ന വാദം അസംബന്ധമാണ്. ജനപിന്തുണയോടെ വളര്‍ന്ന ബാങ്കുകളാണ് സഹകരണമേഖലയിലുള്ളത്. കള്ളപ്പണമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗത്തിലൂടെ കണ്ടെത്തണം. പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ചാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുരണ്ടും രണ്ടായി കാണണം. ആഗോളവല്‍ക്കരണശേഷം വന്ന കമ്മിഷനുകളെല്ലാം സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിനെതിരെ കേരളം കക്ഷിഭേദമന്യേ ചെറുത്തുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് യുഡിഎഫ് നേതാക്കള്‍ എല്‍ഡിഎഫുമായി ഒരുമിച്ചുകൈകോര്‍ക്കാന്‍ ധാരണയായത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടിയന്തിരനിയമസഭായോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. 13 ഇന നിര്‍ദ്ദേശങ്ങളും യുഡിഎഫ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. യുഡിഎഫിന്റെ നിര്‍ദ്ദേശങ്ങളോട് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. സഹകരണമേഖലയിലെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയാല്‍ അത് ഏറ്റവും അധികം ബാധിക്കുക കേരളത്തിലെ സഹകരണമേഖലയില്‍ ആധിപത്യമുറപ്പിച്ചിട്ടുള്ള ഇരുമുന്നണികളെയുമാണ്. ഇരുമുന്നണികളുടെയും നേതാക്കള്‍ അടക്കമുള്ളവരുടെ കോടികളുടെ നിക്ഷേപമാണ് ഈ മേഖലയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.