കേരളത്തില്‍ നടക്കുന്നത് മാധ്യമ നക്‌സലിസം: രാമചന്ദ്രന്‍

Thursday 17 November 2016 11:06 pm IST

തിരുവനന്തപുരത്ത് തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച മാധ്യമസ്വാതന്ത്ര്യം അതിരുകളും അരുതുകളും ചിന്താസന്ധ്യ ജന്മഭൂമി മുഖ്യ പത്രാധിപര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.ആര്‍. മധു, ഭാസുരേന്ദ്രബാബു, എം.ജി. രാധാകൃഷ്ണന്‍, ദി.കെ. സുരേഷ്ബാബു, അനില്‍ വൈദ്യമംഗലം സമീപം

തിരുവനന്തപുരം: അഭിഭാഷക-മാധ്യമസംഘര്‍ഷത്തിന്റെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് മാധ്യമ നക്‌സലിസമാണെന്ന് ജന്മഭൂമി ചീഫ്എഡിറ്റര്‍ രാമചന്ദ്രന്‍. അഭിഭാഷക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് പങ്കെടുത്ത കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷപരിപാടി മുഖ്യധാരാ മാധ്യമങ്ങളടക്കം ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച മാധ്യമസ്വാതന്ത്ര്യം അതിരുകളും അരുതുകളും ചിന്താസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരന്റെ അറിയാനുള്ള അവകാശം അടിച്ചമര്‍ത്താന്‍ പാടില്ല. അടികൊണ്ടതിനാല്‍ സ്വന്തം ജോലി ചെയ്യില്ലെന്ന നിലപാട് തെറ്റാണ്. മാധ്യമരംഗത്തെ നേതൃത്വത്തില്‍ ബുദ്ധിപരമായ പാപ്പരത്തം ഉണ്ട്.

പത്രവിതരണക്കാരുടെ സമരം കൈകാര്യം ചെയ്യാനറിയാത്തവര്‍ എങ്ങനെ അഭിഭാഷകരുടെ വിലക്ക് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമരംഗത്തെ ദുഷ്പ്രവണതകളും കള്ളപ്രചാരണങ്ങളും സത്യത്തെ തമസ്‌കരിച്ച് നിസ്സാരതയെ നിലനിര്‍ത്തുന്നു. മാധ്യമ-അഭിഭാഷക തര്‍ക്കം തല്ലിത്തീര്‍ക്കുകയല്ല വേണ്ടത്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കലാണ് നമ്മുടെ പാരമ്പര്യം. അഭിഭാഷകരെ ഭയപ്പെടുത്താന്‍ മലയാള മാധ്യമങ്ങള്‍ക്കിടയിലെ ഐക്യമില്ലാത്ത കുറുമുന്നണി ശ്രമിക്കുന്നു. വിദേശത്തുള്ള ചില കടലാസുസംഘടനകളെക്കൊണ്ട് പ്രസ്താവന എഴുതിച്ചല്ല പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത്. അഭിഭാഷക അസോസിയേഷനുകളുമായി ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോര്‍ത്ത് എസ്റ്റേറ്റ് ഫസ്റ്റ് എസ്റ്റേറ്റാകാന്‍ ശ്രമിക്കുന്നതാണ് അപകടം. അവരവര്‍ ഇരിക്കേണ്ടിടത്ത് ഇരുന്നാല്‍ ആര്‍ക്കും കുഴപ്പം വരില്ല. എന്നാല്‍ മാധ്യമങ്ങള്‍ വിചാരണ നടത്തി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഉത്തരം പറയണം. ഇതു മൂന്നും ഫോര്‍ത്ത് എസ്റ്റേറ്റിന് താഴെയാണെന്ന ചിന്ത ശരിയല്ല. ഹൈക്കോടതി ലാവ്‌ലിന്‍ കേസ് പരിഗണിച്ചുകഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കോടതിവിലക്ക് നീങ്ങും.
ലാവ്‌ലിന്‍ കേസിന്മേല്‍ ജഡ്ജി നടത്തുന്ന പരാമര്‍ശം പുറംലോകം അറിയരുതെന്ന നിര്‍ബന്ധമാണ് അഭിഭാഷകരെക്കൊണ്ട് സംഘര്‍ഷം സൃഷ്ടിക്കുന്നതിന്റെ കാരണം. മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പ് തത്കാലം ലാവ്‌ലിന്‍ കേസുവരെ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തപസ്യ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍ വൈദ്യമംഗലം അധ്യക്ഷത വഹിച്ചു. അമൃത ടിവി ന്യൂസ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബു വിഷയം അവതരിപ്പിച്ചു. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, കേസരി മുഖ്യപത്രാധിപര്‍ ഡോ എന്‍.ആര്‍. മധു, തപസ്യ മഹാനഗര്‍ സെക്രട്ടറി സജികുമാര്‍, ജോയിന്റ് സെക്രട്ടറി എം.ടി. ബിനുരാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.