ബാട്ടണ്‍ഹില്ലില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടം: ഇന്ന് ജില്ലയില്‍ എബിവിപി പഠിപ്പുമുടക്ക്

Thursday 17 November 2016 11:10 pm IST

തിരുവനന്തപുരം: ബാട്ടണ്‍ഹില്‍കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടത്തില്‍ എബിവിപി നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. എബിവിപി സംസ്ഥാന സമിതി അംഗം കെ. സുബിത്, ബാട്ടണ്‍ഹില്ലിലെ മെക്കാനിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജിബിന്‍ മാത്യു(22), കരണ്‍തിലക്(22), റമീസ് റോഷന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിലെ ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ കാണാനെത്തിയപ്പോഴാണ് സുബിത്തിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെക്കാനിക്കല്‍ വിഭാഗവും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കോളേജില്‍ സംഘര്‍ഷം നിലനിലവിലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ നില്‍ക്കുകയായിരുന്ന ജിബിന്‍ മാത്യു, കരണ്‍തിലക്, റമീസ് റോഷന്‍ എന്നിവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് അറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു സുബിത്. ആശുപത്രിയില്‍ സംഘടിച്ച് നിന്ന 25ല്‍ അധികം എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലും ഹെല്‍മറ്റും ഉപയോഗിച്ചാണ് സുബിത്തിനെ മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുബിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും സംഭവം കണ്ടുനിന്ന പോലീസ് തയ്യാറായില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ചതോടെയാണ് സുബിത്തിനെ പരിശോധിക്കുവാന്‍ ഡോക്ടര്‍ പോലും തയ്യാറായത്. ഗുരുതര പരിക്കേറ്റതിനാല്‍ നാലുപേരെയും മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ ഇത്തരം അക്രമങ്ങള്‍ നടന്നു വരുകയാണ്. എസ്എഫ്‌ഐ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നഗര കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.