കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദം വേണം

Thursday 17 November 2016 11:25 pm IST

കൊച്ചി: ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി നിയമ ബിരുദം നിര്‍ബന്ധം. റെഗുലര്‍, താല്‍ക്കാലിക അക്രഡിറ്റേഷനുകള്‍ ലഭിക്കാന്‍ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പ്രവൃത്തി പരിചയം വേണം. ഇന്നലെ ഹൈക്കോടതിയിറക്കിയ വ്യവസ്ഥകളിലാണ് ഇത് വ്യക്തമാക്കുന്നത്. റെഗുലര്‍ അക്രഡിറ്റേഷന് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് അഞ്ചു വര്‍ഷത്തെ പരിചയവും വേണം. ഇതില്‍ മൂന്നര വര്‍ഷം സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തപരിചയം വേണമെന്ന് വ്യവസ്ഥയിലുണ്ട്. കൂടാതെ ആറു മാസം കേരള ഹൈക്കോടതിയില്‍ താല്കാലിക അക്രഡിറ്റേഷനില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയവരാകണം. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍ക്കാലിക അക്രഡിറ്റേഷനു നിയമ ബിരുദത്തിനു പുറമേ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ ഒരു വര്‍ഷം ഏതെങ്കിലും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയിരിക്കണം. മൂന്നു വര്‍ഷത്തേക്കാണ് താല്കാലിക അക്രഡിറ്റേഷന്‍ അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങള്‍ക്കു പുറമേ ഏതെങ്കിലും പ്രത്യേക കേസ് റിപ്പോര്‍ട്ട് ചെയ്യാനോ ഒരു ദിവസത്തേക്കോ താല്‍ക്കാലിക റിപ്പോര്‍ട്ടിംഗിന് രജിസ്ട്രാറുടെ അനുമതി തേടാനും കഴിയും. അക്രഡിറ്റേഷന്‍ ലഭിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. നിലവിലുള്ള റിപ്പോര്‍ട്ടര്‍മാര്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ ആറു മാസത്തേക്ക് അനുമതി നല്‍കും. ഇക്കാലയളവില്‍ അക്രഡിറ്റേഷന് അപേക്ഷിക്കണം. ഹൈക്കോടതി നിഷ്‌കര്‍ഷിച്ച യോഗ്യത ഇല്ലെങ്കില്‍ ഇവരെ മാറ്റി മാധ്യമ സ്ഥാപനം യോഗ്യതയുള്ളവരെ നിയമിക്കണം. ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കും. ചീഫ് ജസ്റ്റിസിന് വ്യവസ്ഥകളില്‍ ഇളവു നല്‍കാന്‍ അധികാരമുണ്ടെന്നും ജഡ്ജിമാരുടെ സമിതിയാണ് അക്രഡിറ്റേഷന്‍ അപേക്ഷകള്‍ പരിഗണിച്ച് ശുപാര്‍ശ നല്‍കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.