ശബരിമല വിമാനത്താവളം: സ്ഥലം മറച്ചുവച്ച് മുഖ്യമന്ത്രി; ചെറുവള്ളിയെന്ന് രേഖകള്‍

Thursday 17 November 2016 11:32 pm IST

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏതെന്ന് വ്യക്തമാക്കാതെ ഉരുണ്ട് കളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വിമാനത്താവളത്തിന് പരിഗണിക്കുന്ന സ്ഥലം ചെറുവള്ളി എസ്റ്റേറ്റ് തന്നെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശബരിമല വിമാനത്താവളത്തിനായി അനധികൃത കയ്യേറ്റഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ സ്ഥലം ഏതെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലെ അപാകതയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വരട്ടെ ആലോചിക്കാം എന്നായിരുന്നു മറുപടി. എന്നാല്‍ ഹൈക്കോടതിയിലെ കേസില്‍ ഈ സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിമാനത്താവളം നിര്‍മ്മിക്കാന്‍ നല്‍കുമെന്ന് ചെറുവള്ളി എസ്റ്റേറ്റ് തന്നെ കോടതിയെ അറിയിച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിലൂടെ 110 കെ.വി. ലൈന്‍ വലിക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍, ഹാരിസണ്‍ അനധികൃതമായി തോട്ടഭൂമി കയ്യേറിയെന്ന കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹാരിസണ്‍ അനധികൃതമായി മറിച്ചുവിറ്റ ബിഷപ്പ് യോഹന്നാന്റെ 2275 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റിലൂടെയായിരുന്നു ലൈന്‍ വലിക്കാന്‍ അനുമതി തേടിയത്. ഈ കേസിലാണ് ഇവിടെ വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് വിട്ടുനല്‍കുന്ന ഭൂമിയാണെന്ന് ചെറുവള്ളി എസ്റ്റേറ്റ് കോടതിയെ അറിയിച്ചത്. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിന്റെയടക്കം ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധി വരാത്തതിനാല്‍ മരം മുറിച്ച് ലൈന്‍ വലിക്കാനും നഷ്ടപരിഹാരം സര്‍ക്കാരില്‍ കെട്ടിവയ്ക്കാനും കോടതി ഉത്തരവിടുകയായിരുന്നു. അന്തിമവിധിക്കുശേഷം അര്‍ഹര്‍ക്ക് നല്‍കിയാല്‍ മതിയെന്നായിരുന്നു വിധി. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് വിമാനത്താവളത്തിന്റെ പേരില്‍ ഉടമസ്ഥാവകാശം ലഭിച്ചാല്‍ തോട്ടഭൂമി കയ്യേറിയ മറ്റ് എസ്റ്റേറ്റുകള്‍ക്കും സമാന രീതിയില്‍ അവകാശം നല്‍കേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.