എടക്കരയില്‍ ഡിവൈഎഫ്‌ഐ നേതാവ് പോലീസുകാരനെ മര്‍ദ്ദിച്ചു

Friday 18 November 2016 11:34 am IST

നിലമ്പൂര്‍: നോട്ട് മാറാനുള്ള ക്യൂ നിയന്ത്രിക്കുന്നതിനിടയില്‍ പോലീസ്‌കാരന് മര്‍ദ്ദനമേറ്റു. എസ്ബിടിയുടെ എടക്കര ശാഖയിലാണ് സംഭവം. നോട്ട് മാറാനുള്ള ക്യൂവിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ പോലീസുകാരനെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എടക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വഴിക്കടവ് മരുതക്കടവ് സ്വദേശി ഉമ്മര്‍ ചക്കിപ്പറമ്പന്‍(37)നാണ് മര്‍ദ്ദനമേറ്റത്. ക്യൂ പാലിക്കാതെ എത്തിയ യുവാവിനോട് ടോക്കണ്‍ ആവശ്യപ്പെട്ടതോടെ ചോദിക്കാന്‍ താനാരാണെന്ന് മറുചോദ്യം ഉന്നയിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. താന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്നും ഇയാള്‍ പറഞ്ഞു. ഇടതുചെവിയുടെ മുകളിലിലായി തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പരിക്കേല്‍പ്പിച്ചത്. തന്നെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം എന്താണെന്ന് കണ്ടില്ലെന്നും മര്‍ദ്ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഉമ്മര്‍ പറഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഉമ്മറിന് തലയില്‍ രണ്ട് തുന്നലുകള്‍ ഉണ്ട്. നിരീക്ഷണത്തിന് ശേഷം വൈകിട്ടോടെ ആശുപത്രി വിട്ടു. ബാങ്കുകളില്‍ തിരക്കേറിയതിനാല്‍ പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഒരു ബാങ്കില്‍ പോലീസുകാരന് പുറമേ ഹോം ഗാര്‍ഡിനേയും നിയമിച്ചിട്ടുണ്ടെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ പലപ്പോഴും ഇവര്‍ പെടാപ്പാട് പെടുകയാണ്. ഇതിനിടയില്‍ ഉണ്ടായ മര്‍ദ്ദനം പോലീസുകാരുടെ സുരക്ഷയിലും ആശങ്കയുണ്ടാക്കുന്നു. ഉപ്പട സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.