കല്ലൂര്‍ കൊമ്പനെ പന്തിയിലാക്കാനുള്ള നീക്കം തടയാന്‍ നിവേദനം

Friday 18 November 2016 7:00 pm IST

കല്‍പ്പറ്റ : കഴിഞ്ഞ ദിവസം ബത്തേരിക്കടുത്ത് കല്ലൂരില്‍ കര്‍ഷകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കല്ലൂര്‍ കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയെ വെടിവച്ചുമയക്കി പിടികൂടി പന്തിയിലാക്കാനുള്ള സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ പ്രൊജക്ട് എലഫന്റ് ഡയറക്ടര്‍ക്ക് നിവേദനം. തൃശൂര്‍ തിരുമ്പാടി ഹെരിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് വ്യാഴാഴ്ച നിവേദനം നല്‍കിയത്. കൊമ്പനെ പിടികൂടുന്നതിനു സംസ്ഥാന വനം മന്ത്രി കെ. രാജു 15ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിപ്പിക്കുന്നതിനു അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തിലുണ്ട്. വനം മന്ത്രിയുടെ ഉത്തരവും മയക്കുവെടി പ്രയോഗത്തിലൂടെ പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കുന്നതിനുള്ള പന്തിയുടെ നിര്‍മ്മാണം വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ പുരോഗമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിനെത്തുടര്‍ന്നാണ് പ്രൊജക്ട് എലഫന്റ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയതെന്ന് വെങ്കിടാചലം അറിയിച്ചു. നിവേദനത്തിന്റെ പകര്‍പ്പ് ചെന്നൈ എ.ഡബ്ല്യൂ.ബി.ഐ സെക്രട്ടറി, ഡല്‍ഹി ഡബ്ല്യൂ.സി.സി.ബി ഡയറക്ടര്‍ എന്നിവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സമീപകാലത്ത് കല്ലൂര്‍ കൊമ്പന്റെ ആക്രമണത്തില്‍ മനുഷ്യജീവനു ഹാനി സംഭവച്ചിട്ടില്ലെന്നു വിശദീകരിക്കുന്നതുമാണ് നിവേദനം. 2006 ജൂണ്‍ ആറിന് അഗസ്ത്യകൂടത്തില്‍ മയക്കുവെടിവച്ച് പിടിച്ച കൊലകൊല്ലി എന്ന് പേരുള്ള കാട്ടാന മുന്നു ദിവസത്തിനുശേഷം ചരിഞ്ഞതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.