മൂലമറ്റം ഡിപ്പോയില്‍ സര്‍വ്വീസുകള്‍ മുടക്കുന്നു

Friday 18 November 2016 8:22 pm IST

മൂലമറ്റം: അധികൃതരുടെ അനാസ്ഥ മൂലം മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളായ ഫാസ്റ്റ് സര്‍വ്വീസുകള്‍ മുടക്കുന്നു. കെഎസ്ആര്‍ടിസി പണംഅടക്കാത്തതിനാല്‍ ഭീമമായ തുക കുടിശിഖ വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  കെഎസ്ആര്‍ടിസി ക്കുള്ള ഡീസല്‍ വിതരണം നിര്‍ത്തിവച്ചതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് അധികൃതരുടെ അനാസ്ഥമൂലം സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത്. ഡ്രൈവര്‍ എത്തിയില്ലെന്ന കാരണം പറഞ്ഞാണ് 25000 രൂപാ പ്രതിദിന വരുമാനം ലഭിക്കുന്ന, രാത്രി 9.20 ന് തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് കഴിഞ്ഞ ദിവസം മുടക്കിയത്. ഇത് ഈ റൂട്ടിലെ അവസാനത്തെ ബസായതിനാല്‍ നിരവധി യാത്രക്കാരാണ് അന്ന് പെരുവഴിയിലായത്. എന്നാല്‍ ഈ ബസിന്റെ ഡ്രൈവറെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും പകരം ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിക്കാത്തതുമാണ് സര്‍വ്വീസ് മുടങ്ങുവാന്‍ കാരണമെന്നാണ്  ജീവനക്കാര്‍ പറയുന്നത്. 35000 രൂപയിലധികം കളക്ഷനുള്ള 3.00 മണിയുടെ കൂമ്പാറ സര്‍വ്വീസ് ബുധനാഴ്ച മുടക്കിയത് ബസ് ഇല്ലാത്തതിനാലാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ഹര്‍ത്താല്‍ ദിവസങ്ങളില്‍ പോലും മുടക്കം വരാതെ 35 വര്‍ഷത്തോളമായി ഓടുന്ന കൂമ്പാറ സര്‍വ്വീസാണ് മൂലമറ്റത്തെ ഏറ്റവും നല്ല സര്‍വ്വീസായി കണക്കാക്കപ്പെടുന്നത്. എട്ടോളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് മൂലമറ്റത്ത് ഉള്ളതെന്നിരിക്കെ, ഇത് അധികൃതരുടെ അനാസ്ഥയായി വേണം കരുതാന്‍. കഴിഞ്ഞ ദിവസം 5.20 തൃശ്ശൂര്‍ സര്‍വ്വീസിന്റെ ഡ്രൈവര്‍ ആശുപത്രിയിലാതിനെ തുടര്‍ന്ന് സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസായ തൃശ്ശൂര്‍ സര്‍വ്വീസ് മുടക്കുകയും മറ്റ് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഓടിക്കുകയും ചെയ്തതും അധികൃതരുടെ അനാസ്ഥയുടെ തെളിവാണെന്ന് വേണം കരുതാന്‍.  ഇത്തരത്തില്‍ സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസുകള്‍ നിരന്തരം മുടക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. മൂലമറ്റം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒന്നര ലക്ഷത്തിലധികം രൂപയുടെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായികൊണ്ടിരിക്കുന്നത്.മൂലമറ്റം ഡിപ്പോക്ക് സ്വന്തമായി പമ്പില്ല. സ്വകാര്യ പമ്പില്‍ ഡീസല്‍ നിറക്കാന്‍ ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല. ഡീസല്‍ ക്ഷാമം മൂലം ഡീസല്‍ നിറക്കുവാനായി എല്ലാ ഡിപ്പോകളിലും കയറിയിറങ്ങുന്നത് വഴി മണിക്കൂറുകള്‍ വൈകിയാണ് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓടുന്നത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.