കള്ളപ്പണത്തിനെതിരായ നടപടികള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

Saturday 19 November 2016 3:54 pm IST

ന്യൂദല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോട്ട് നിരോധനമുള്‍പ്പെടെയുള്ളവ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ അവരോട് വിശദീകരിക്കണം. ഇതിനായി സഭാ സമ്മേളനത്തിനിടയിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മണ്ഡലത്തില്‍ ചെലവഴിക്കണം മോദി നിര്‍ദ്ദേശിച്ചു. ജനങ്ങളോടും മാധ്യമങ്ങളോടും നിരന്തരം എംപിമാര്‍ ഇടപെടല്‍ നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കും ധനവകുപ്പും സ്വീകരിച്ച നടപടി സംബന്ധിച്ച വിശദ വിവരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് വഴി എല്ലാ എംപിമാര്‍ക്കും എത്തിച്ചിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷി എംപിമാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. കര്‍ഷകര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പ്രത്യേക ഇളവുകളും എല്ലാ എംപിമാരും പരമാവധി പ്രചരിപ്പിക്കണം. നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍മെന്റിന്റെ ഇരുസഭകളും ഇന്നലെയും തടസ്സപ്പെട്ടു. കള്ളപ്പണത്തിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെ ഉറി ഭീകരാക്രമണവുമായി താരതമ്യം ചെയ്ത കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. ഗുലാം നബി ആസാദ് പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പു പറയണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. ആസാദ് മാപ്പു പറയണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഗുലാംനബി ആസാദിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്നും നീക്കുന്നതായി ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ അറിയിച്ചു. ലോക്‌സഭയിലും രാവിലെ മുതല്‍ തന്നെ പ്രതിപക്ഷം ബഹളത്തിലായിരുന്നു. ചോദ്യോത്തര വേളയും ശൂന്യവേളയുമെല്ലാം ബഹളത്തില്‍ മുങ്ങിയതോടെ സഭ വെള്ളിയാഴ്ച പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.