മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്‌റെ മെഷീനുകള്‍ തകരാറില്‍

Friday 18 November 2016 9:29 pm IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് എക്‌സ്‌റേ യൂണിറ്റും തകരാറിലായി. രോഗികള്‍ നെട്ടോട്ടത്തില്‍. ഒന്ന് ഏതാനും ദിവസം മുമ്പ് തകരാറിലായിരുന്നു. കാലപ്പഴക്കം മൂലമാണ് ഇവ തകരാറിലായതെന്ന് പറയുന്നു. ആശുപത്രി ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ മെഷീന്‍ വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു. ആലപ്പുഴയില്‍ എട്ടുവര്‍ഷത്തോളം ഇത് ഉപയോഗിച്ചിരുന്നു. സ്വകാര്യ കമ്പനിക്കായിരുന്നു ഇതിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത്. കരാര്‍ അവസാനിച്ചതോടെ ഇതിന്റെ പണികള്‍ക്കായി അയ്യായിരം മുതല്‍ പതിനായിരം വരെ നല്‍കേണ്ട സ്ഥിതിയാണിന്ന്. എക്‌സ്‌റേയ്ക്ക് 30ഉം ഡിജിറ്റല്‍ എക്‌സ്‌റേയ്ക്ക് 70ഉം രൂപയാണ് ഈടാക്കുന്നത്. ഇതിന് സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍ 100ഉം 250ഉം രൂപയാണ് ഈടാക്കുന്നത്. എക്‌സ്‌റേ മെഷീന്‍ തകരാറിലായതോടെ ആശുപത്രിയിലെത്തിയ നൂറുകണക്കിന് രോഗികള്‍ വിഷമിച്ചു. ബിപിഎല്‍ രോഗികള്‍ക്ക് പരിശോധന സൗജന്യമാണ്. ഇവര്‍ക്കും കൂടിയ നിരക്കില്‍ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ടി വന്നു. എക്‌സ്‌റേ വിഭാഗത്തില്‍ ഒന്‍പതു സ്ഥിരം ജീവനക്കാരുണ്ടെങ്കിലും ആശുപത്രി വികസന സമിതി നിയോഗിച്ച ആറു താത്കാലിക ജീവനക്കാരെക്കൊണ്ടാണ് ജോലി ചെയ്യിക്കരുതെന്നും ആരോപണമുണ്ട്. അടിയന്തരമായി യന്ത്രത്തിന്റെ തകരാര്‍ പരിഹരിച്ച് രോഗികളെ ബുദ്ധിമുട്ടിക്കരുതെന്ന ആവശ്യമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.