വനത്തില്‍ നിന്നും മോഷ്ടിച്ചു കടത്തുകയായിരുന്ന 38 കഷണം മട്ടിത്തടികളും കടത്തിയ പിക്കപ്പ് വാനും പിടികൂടി

Friday 18 November 2016 9:59 pm IST

????????????????????????????????????

????????????????????????????????????

തളിപ്പറമ്പ്: വനത്തില്‍ നിന്നും മോഷ്ടിച്ചു കടത്തുകയായിരുന്ന 38 ഓളം മട്ടിത്തടികളും കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാനും തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. പുളിങ്ങോം ചുണ്ട ചൂരപ്പടവിലെ സൂര്യഗിരി മണിമേലില്‍ ജിസ്‌മോന്‍(36), പുളിങ്ങോം മീന്‍തുള്ളിയിലെ വടക്കേ പുത്തന്‍ പറമ്പില്‍ വി.സി.ടോമി(42), മീന്‍തുള്ളി ഇടവരമ്പിലെ തോണിക്കുഴിയില്‍ സുജിത് കൃഷ്ണന്‍(32) എന്നിവരാണ് അറസ്റ്റിലായത്. മരവുമായി വരുമ്പോള്‍ മാത്തില്‍ വെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയോടെ ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. സോഫ്റ്റ് വുഡ് ഇനത്തില്‍ പെടുന്ന മരമാണെങ്കിലും സ്വാഭാവിക വനങ്ങളില്‍ മട്ടിമരം കുറഞ്ഞുവരുന്നതിനാല്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ ഇത് മുറിക്കുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. 1961 ലെ കേരള വനം നിയമപ്രകാരമാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. മരം കടത്തിയ ജിസ്‌മോന്റെ ഉടമസ്ഥതയിലുള്ള കെഎല്‍-59-എഫ് 7399 പിക്കപ്പ് വാന്‍ ഇന്ന് കണ്ണൂര്‍ ഡിഎഫ്ഒ മുമ്പാകെ ഹാജരാക്കി സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. ആകെ 15,000 രൂപ മാത്രം ലഭിക്കുന്ന മരം കടത്തിയതിന് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാഹനമാണ് നഷ്ടപ്പെടുന്നത്. കരാമരംതട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി.മനോജ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.മധു, വി.വി.സുജേഷ്, ഡ്രൈവര്‍ വല്‍സരാജന്‍ എന്നിവരും മരം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് രാവിലെ പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.