ന്യൂസ് ഓഫ് ദ് വേള്‍ഡ് ഇനി ചരിത്രത്തിന്റെ ഭാഗം

Friday 8 July 2011 5:33 pm IST

ലണ്ടന്‍: മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ഞായറാഴ്ച പത്രമായ "ന്യൂസ് ഓഫ് ദ് വേള്‍ഡ് ഇനി ചരിത്രത്തിന്റെ ഭാഗം. കഴിഞ്ഞ ഞായറാഴ്ചയിറങ്ങിയ ലക്കം ന്യൂസ്‌ ഒഫ്‌ ദ വേള്‍ഡിന്റെ അവസാന പ്രതിയാണെന്ന്‌ പത്രത്തിന്റെ ചെയര്‍മാന്‍ ജയിംസ്‌ മര്‍ഡോക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാക്കിലും അഫ്ഗാനിലും കൊല്ലപ്പെട്ട ബ്രിട്ടിഷ് സൈനികകരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തിയ നടപടിയാണ് ന്യൂസ് ഓഫ് ദി വേള്‍ഡിന് വിനയായത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയരുകയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവം പത്രത്തിന്റെ വരിസംഖ്യയും വിശ്വാസ്യതയും കുറയാനിടയാക്കി. ഫോണ്‍ ചോര്‍ത്തല്‍ പത്ര ധര്‍മ്മത്തിന്‌ നിരക്കാത്ത പ്രവര്‍ത്തിയായി പലരും വിലയിരുത്തി. ബ്രിട്ടണില്‍ ഏറ്റവും പ്രചാരമുള്ള ഞായറാഴ്ച പത്രമാണ് "ന്യൂസ് ഒഫ് ദ് വേള്‍ഡ്‘. മുപ്പത്‌ ലക്ഷത്തോളം വരിക്കാരായിരുന്നു ഞായറാഴ്ചകളിലിറങ്ങുന്ന ഈ ടാബ്ലോയിഡിനായി കാത്തിരുന്നത്‌. ഡയാന രാജകുമാരിയുടെ മരണം , ക്രിസ്റ്റീന്‍ കീലറിന്റെ ബന്ധങ്ങള്‍, മാര്‍ഗരറ്റ്‌ രാജകുമാരിയുടെ പ്രണയ ലേഖനങ്ങള്‍, ആന്‍ഡ്രൂരാജകുമാരന്റെ പരസ്‌ത്രീ ബന്‌ധം, ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ ഫുട്ബോള്‍ വിജയം, റയാന്‍ ഗിഗ്‌സിന്റെ വഴിവിട്ട ബന്‌ധങ്ങള്‍, ക്രിക്കറ്റ്‌ ലോകത്തെ പ്രത്യേകിച്ച്‌ പാക്‌ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴവിവാദം ഇവയെല്ലാം ന്യൂസ്‌ ഒഫ്‌ ദി വേള്‍ഡിന്റെ സ്കൂപ്പുകളില്‍ ചിലതുമാത്രം. 1969 ലാണ്‌ മര്‍ഡോക്ക്‌ ന്യൂസ്‌ ഒഫ്‌ ദ വേള്‍ഡ്‌ഏറ്റെടുക്കുന്നത്‌. 1880 കളില്‍ 30,000 കോപ്പിയായിരുന്നു പ്രചാരം. 1843 ഒക്ടോബര്‍ ഒന്നിന് തുടങ്ങി നൂറ് വര്‍ഷം പിന്നിടുമ്പോള്‍ കോപ്പികളുടെ പ്രചാരം 80 ലക്ഷത്തോളമായി ഉയര്‍ന്നിരുന്നു.