റേഷന്‍ വിതരണം നിലച്ചു; സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടി സമരത്തില്‍

Friday 18 November 2016 10:46 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായും നിലച്ചിട്ട് ആഴ്ചകള്‍ കഴിയുന്നു. റേഷന്‍കടകളില്‍ ഇപ്പോള്‍ ഉള്ളത് കാലിച്ചാക്കുകള്‍മാത്രം. മലയോരമേഖലയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഇതെല്ലാം ശ്രദ്ധിക്കേണ്ട മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കള്ളപ്പണം സംരക്ഷിക്കാനുള്ള സമരത്തിലാണ്. നവംബര്‍ 14 മുതല്‍ കേരളത്തില്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുമെന്നും റേഷന്‍ വിതരണം പുനഃസ്ഥാപിക്കുമെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.റേഷന്‍ ലഭ്യമല്ലാത്തതിനാല്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്. അരി, മണ്ണെണ്ണ, ബിപിഎല്‍ ഉപഭോക്താവിനുള്ള പഞ്ചസാര തുടങ്ങിയവയൊക്കെ വിതരണം ചെയ്തകാലം മറന്നുവെന്ന് റേഷന്‍കടക്കാര്‍ പറയുന്നു. മൊത്തവിതരണ കേന്ദ്രങ്ങളിലും സ്ഥിതി വിഭിന്നമല്ല. കേരളത്തിലെ ജനങ്ങള്‍ക്കായി ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങാനുള്ള നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കേണ്ട സൗജന്യറേഷന്‍, പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട 3രൂപയുടെ അരി, ബിപിഎല്‍ കാര്‍ഡിന് ലഭ്യമാകേണ്ട 6.20 രൂപയുടെ 35 കിലോ അരി, തുടങ്ങിയ വിരവധി പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. ഇതിനിടെ കരിഞ്ചന്ത തകൃതിയാണെന്നും പരാതി ഉയരുന്നുണ്ട്. മൊത്ത വിപണന കേന്ദ്രത്തിലെത്തിയ സാമഗ്രികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനാലാണ് റേഷന്‍കടകളില്‍ സാധനങ്ങള്‍ ലഭ്യമാകാത്തതെന്ന് റേഷന്‍വ്യാപാരികള്‍ പറയുന്നു. ഈമാസം മുതല്‍ എത്തേണ്ടത് ചമ്പാവ് അരിയാണ്. ഇതിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കുമെല്ലാം കരിഞ്ചന്തയില്‍ സ്ഥിരം ആവശ്യക്കാരുമുണ്ട്. ഇത്രയും രൂക്ഷമായ പ്രശ്‌നം നിലനില്‍ക്കെയാണ് മുഖ്യമന്ത്രി സഹകരണബാങ്കുകളിലെ കള്ളപ്പണക്കാരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ ധര്‍ണ്ണനടത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.