കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു

Friday 18 November 2016 11:06 pm IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ആദ്യത്തെ ടെസ്റ്റ്ട്യൂബ്ശിശു പിറന്നു. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്ക് 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കണ്‍മണി പിറന്നത്. 2600 ഗ്രാം തൂക്കമുള്ള കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐവിഎഫ് വിഭാഗം തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തോളമായി അന്നുമുതലാണ് ഇവര്‍ ചികിത്സതേടി എത്തിയത്. ഐവിഎഫിന്റെ ആദ്യബാച്ചില്‍ മൂന്നു കുടംബങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിലുള്ള ഒരു കുടുംബത്തിന് നാളുകള്‍ക്കുള്ളില്‍ കുട്ടി ജനിച്ചു. നിലവില്‍ അഞ്ച് ബാച്ചുകള്‍ വിവിധ ഘട്ടങ്ങളില്‍ ചികിത്സയിലുമാണ്. അന്‍പതോളം കുടുംബങ്ങള്‍ മുഴുവന്‍ പരിശോധനകളും പൂര്‍ത്തീകരിച്ച് ഊഴംകാത്തിരിക്കുന്നു. ഗര്‍ഭപാത്രത്തിലുണ്ടാക്കുന്ന ക്ഷതങ്ങളും പുരുഷബീജത്തിന്റെ കുറവും മറ്റുമാണ് ഗര്‍ഭധാരണത്തിനുള്ള തടസ്സമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. അണ്ഡവും ബീജവും പുറത്തെടുത്ത് സംയോജിപ്പിച്ച് മൂന്നു ദിവസംവരെ വളര്‍ത്തി വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഐവിഎഫ്. എന്‍ട്രിയോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഈ ചികിത്സ നടത്തുന്നത്. 20 കോടിയോളം രൂപ വിലവരുന്ന അത്യാധുനിക യന്ത്രസജ്ജീകരണങ്ങളാണ് ഇതിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം രൂപ ചെലവു വരുന്ന ഈ ചികിത്സക്ക് ഇവിടെ എഴുപതിനായിരം രൂപയില്‍താഴെമാത്രമാണ് ചെലവ്. ഇത്തരത്തില്‍ ശിശുപിറക്കുന്ന സര്‍ക്കാര്‍ മേഖലയിലെ മൂന്നാമത്തെ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഗൈനക്കോളജി വിഭാഗത്തിലെ മുന്‍ മേധാവി ഡോ. കുഞ്ഞമ്മ റോയി, ഇപ്പോഴത്തെ മേധാവി ഡോ. സിസിലി, ഐവിഎഫിന്റെ നോഡല്‍ ഓഫീസര്‍ ഡോ. അജയ്കുമാര്‍, ഡോ. ഷീന, ഡോ. രാധാമണി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. മെറിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.