തിരുവനന്തപുരം: ഇരുപതില്‍ കൂടുതല്‍ അയ്യപ്പഭക്തര്‍ ഇല്ലെങ്കില്‍ പ്രാദേശിക ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കാന്‍ ഉത്തരവ്. ഓപ്പറേഷന്‍സ് വിഭാഗം മാനേജരുടേതാണ് ഉത്തരവ്.
എല്ലാ ഡിപ്പോകളില്‍ നിന്നും ശബരിമല സീസണ് തുടങ്ങി രണ്ടു ദിവസത്തിനകം പമ്പയിലേക്ക് സര്‍വ്വീസ് നടത്താറുണ്ട്. എന്നാല്‍ സീസണ് തുടങ്ങുന്നതിനു തലേദിവസം ഇരുപത് ഭക്തരില്‍ കുറവ് വന്നാല്‍ സര്‍വ്വീസ് ഉടന്‍ റദ്ദാക്കണമെന്ന് കാണിച്ച് ഉത്തരവ് നല്കി. ബസില്‍ കയറിയ അയ്യപ്പഭക്തരെ തിരികെ ഇറക്കി മറ്റ് സര്‍വ്വീസ് ബസ്സുകളില്‍ കയറ്റി സെന്‍ട്രല്‍ ഡിപ്പോകളിലേക്ക് അയയ്ക്കണം. അവിടെ നിന്ന് പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ കയറ്റി വിടണമെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം പ്രാദേശിക ഡിപ്പോകളില്‍ പമ്പയിലേക്കുള്ള സര്‍വ്വീസിനായി ബോര്‍ഡ് വച്ച് സ്റ്റാന്റില്‍ പിടിച്ച ബസില്‍ നിന്ന് മതിയായ യാത്രക്കാരില്ലെന്ന് ചൂണ്ടിക്കാട്ടി ഭക്തരെ ഇറക്കിവിട്ടു. മറ്റ് ബസ്സുകളില്‍ കയറി സെന്‍ട്രല്‍ ഡിപ്പോകളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. ഭക്തര്‍ പ്രതിഷേധിച്ച് സര്‍വ്വീസുകള്‍ തടയുമെന്ന് അറിയിച്ചതോടെയാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: