സുരുജി അന്തരിച്ചു

Saturday 19 November 2016 10:56 am IST

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും അഖില ഭാരതീയ സേവാ പ്രമുഖുമായിരുന്ന കെ സൂര്യനാരായണ റാവു (സുരുജി 93 ) അന്തരിച്ചു. ഇന്നലെ രാത്രി ബെംഗളൂരു സാഗര്‍ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വര്‍ഷമായി സംഘ പ്രചാരകനായിരുന്നു. ആര്‍എസ്എസ് കാര്യാലയമായ കേശവകൃപയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരത്തില്‍ നൂറു കണക്കിനാളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വൈകുന്നേരം 6.30 നു ചാമരാജ് പേട്ട് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 1923 ആഗസ്ത് 20 നു ബെംഗളൂരുവില്‍ ജനിച്ച സൂര്യനാരായണ റാവു 1942 ല്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെടുന്നത്. 1946 ല്‍ സംഘ പ്രചാരകനായ അദ്ദേഹം പിന്നീട് തമിഴ്‌നാട് സംസ്ഥാനത്തിന്റെ പ്രചാരകായി. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരകായി നിയോഗിക്കപ്പെട്ട റാവു പിന്നീട് സംഘത്തിന്റെ അഖില ഭാരതീയ സേവാ പ്രമുഖായും സേവനമനുഷ്ഠിച്ചു. 2012 വരെ അഖില ഭാരതീയ കാര്യകാരി സദസ്യനായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ഭയ്യാജി ജോഷി , പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ സുരുജിയുടെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.