സഹകരണ സമരാഭാസത്തിനെതിരെ താമരക്കുടിയിലെ നിക്ഷേപകര്‍ രംഗത്ത്

Saturday 19 November 2016 11:25 am IST

സ്വന്തം ലേഖകന്‍ കൊട്ടാരക്കര: സഹകരണമേഖലയെ രക്ഷിക്കാനല്ല സിപിഎം സമരമെന്ന് താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിച്ച തങ്ങളുടെ നിക്ഷേപം തിരികെ നല്‍കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ നടപടിയായിട്ടില്ല.സര്‍ക്കാര്‍ പറഞ്ഞതുകേട്ട് പണം നിക്ഷേപിച്ച തങ്ങളോട് എന്ത് ഉറപ്പിലാണ് പ്രാഥമിക സഹകരണസംഘത്തില്‍ പണം നിക്ഷേപിച്ചതെന്ന് ചോദിച്ച വകൂപ്പ് മന്ത്രിയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റുമാണ് ഇവിടെയുള്ളത്. ഇപ്പോഴത്തെ സമരം നിക്ഷേപകര്‍ക്കോ സഹകരണപ്രസ്ഥാനത്തിനോ വേണ്ടിയല്ല, സ്വന്തക്കാരെ രക്ഷിക്കാനാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുളള താമരക്കുടി ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ മൂലം ഇപ്പോള്‍ രജിസ്ട്രാര്‍ ഭരണത്തിലാണ്. 2013 ഒക്ടോബറില്‍ നിക്ഷേപകര്‍ ബാങ്ക് ഉപരോധിക്കുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് നിക്ഷേപകയായ വൃദ്ധയെ ബാങ്കിന് സമീപമുളള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും. ജില്ലയിലെ നല്ല സഹകരണബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങുന്നത് 2003 മുതലാണെന്നാണ് പരിശോധനകളില്‍ കണ്ടെത്തിയത്. 2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ബാങ്കിലെ നിക്ഷേപകരിലേറെയും സാധാരണക്കാരാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി സമ്പാദിച്ച തുകയാണ് നാട്ടിന്‍പുറത്തെ ബാങ്കില്‍ നിക്ഷേപിച്ചത്. യഥാസമയം പണം ലഭിക്കാത്തതു മൂലം ചികിത്സയും ശസ്ത്രക്രിയകളുംപെണ്‍മക്കളുടെ വിവാഹങ്ങളും മുടങ്ങിയവരേറെയാണ്. 13770 അംഗങ്ങളുളള ബാങ്കില്‍ 300 നിക്ഷേപകര്‍ തന്നെയുണ്ട്. നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മൈലത്തും പള്ളിക്കലിലുമായി രണ്ട് ബ്രാഞ്ചുകളും പ്രവര്‍ത്തനം തുടങ്ങിയതാണ്. എന്നാല്‍ എല്‍ഡിഎഫ്'ഭരണ സമിതിയും ബാങ്ക് ജീവനക്കാരും ഒത്തൊരുമിച്ച് ക്രമക്കേടുകള്‍ നടത്താന്‍ തുടങ്ങിയതോടെ ബാങ്കിന്റെ ശനിദശ തുടങ്ങുകയായിരുന്നു. സിപിഎമ്മിനുളളിലെ വിഭാഗീയത മറനീക്കി വന്നതോടെയാണ് സാമ്പത്തിക ക്രമക്കേടുകള്‍ വെളിയില്‍ വന്നത്. ബാങ്ക് പ്രസിഡന്റായിരുന്ന സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ആര്‍. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഭരണസമിതി. ബിനാമി പേരുകളില്‍ പലിശ രഹിത വായ്പകള്‍ നല്‍കിയും ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ വച്ച് സ്വര്‍ണ്ണ പണയ വായ്പകളെടുത്തും സ്ഥിരനിക്ഷേപം വ്യാജമായി കാട്ടി പലിശയും വായ്പയും എടുത്തുമൊക്കെയായിരുന്നു തട്ടിപ്പുകള്‍ തുടങ്ങിയത്. സെക്രട്ടറി എം.ജി. വിജയകുമാറുമായി ചേര്‍ന്നാണ് ഭരണസമിതിയിലെ ഓരോ അംഗവും തട്ടിപ്പ് നടത്തിയത്. മറ്റ് ജീവനക്കാരും ഇതിന് കൂട്ടുനിന്നു. തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി ഇടപെട്ട് മോഹന്‍കുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്പിച്ചു. തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഉണ്ണിക്കൃഷ്ണപിള്ളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെക്രട്ടറി എം.ജി വിജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. എന്നാല്‍ 2009-10 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1, 2753488 രൂപ തിരിച്ചടക്കാന്‍ വിജയകുമാറിന് നോട്ടീസ് നല്‍കിയെങ്കിലും ഇയാളില്‍ നിന്നും 1465224 രൂപ മാത്രം ഈടാക്കി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണ് ഭരണസമിതി ചെയ്തത്. ഇതില്‍ നിന്ന് ഭരണസമിതിക്കും പണാപഹരണത്തില്‍ പങ്കുളളതായി കണ്ടെത്തുന്നുവെന്ന് അന്വേഷണം നടത്തിയ കൊട്ടാരക്കര യൂണിറ്റ് ഇന്‍സ്പക്ടര്‍ ബി. മധു റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സഹകരണ നിയമപ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് ശേഷം 2013 സെപ്തംബര്‍ 26ന് പുതിയ ഭരണ സമിതി അധികാരമേറ്റെങ്കിലും തട്ടിപ്പുകള്‍ ബോധ്യപ്പെട്ട പ്രസിഡന്റ് മുട്ടമ്പലം മോഹനന്‍ സ്ഥാനത്തു നിന്നും അധികം വൈകാതെ രാജിവച്ചു. മൂന്നര കോടി രൂപ കാര്‍ഷിക കടാശ്വാസമായി ലഭിച്ചിട്ടുളള ബാങ്കിന് 4.07 കോടി രൂപ നഷ്ടം ഉണ്ടായത് ബാങ്ക് പ്രവര്‍ത്തനത്തില്‍ വന്ന അഴിമതിയും ക്രമക്കേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ 3.11. 2011 ല്‍ ജില്ലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. നിലവില്‍ 13.5 കോടി രൂപയാണ് ഇവിടെ പലതരത്തിലുളള നിക്ഷേപമായുളളത്. സ്ഥിര നിക്ഷേപ ഇനത്തില്‍ത്തന്നെ 9,68, 89000 രൂപ മാത്രമുണ്ട്. എന്നാല്‍ ആറ് കോടി രൂപ വായ്പാ ഇനത്തിലും 97 ലക്ഷം രൂപ ചിട്ടി ഇനത്തിലും കുടിശ്ശിക ഉണ്ടെന്നതൊഴിച്ചാല്‍ ബാക്കി തുക എവിടെയെന്നതിന് ഇപ്പോഴും വ്യക്തയില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബാങ്കധികൃതര്‍ കൈമലര്‍ത്താന്‍ തുടങ്ങിയതോടെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് മോഹന്‍കുമാര്‍ അടക്കം 14 ഭരണ സമിതി അംഗങ്ങളും കുറ്റക്കാരാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്. മോഹന്‍കുമാറിനെ രണ്ടാം പ്രതിയാക്കിയും മറ്റുള്ളവരെ തുടര്‍ന്നുളള പ്രതി ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ അറസ്റ്റ് കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ട് തടഞ്ഞതായി ആരോപണമുയര്‍ന്നു. ചിലര്‍ പണമൊടുക്കി കേസില്‍ നിന്ന് ഒഴിവായി. ഇപ്പോഴും കേസ് സംബന്ധിച്ച് അന്വേഷണം നടക്കുന്നതല്ലാതെ നിക്ഷേപകരുടെ പണം മടക്കി കിട്ടാന്‍ നടപടി എടുത്തിട്ടില്ല. സുപ്രീംകോടതിമുതലുള്ള കോടതികളില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ് അവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.