എം.ടിയുടെ രചനാ ലോകം ദേശീയ സെമിനാര്‍

Saturday 19 November 2016 11:25 am IST

കോഴിക്കോട്: മടപ്പള്ളി ഗവ. കോളജ് മലയാള വിഭാഗം ദേശം, എഴുത്ത് കല, എം.ടിയുടെ രചനാ ലോകം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 21, 22 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21 ന് രാവിലെ പത്തിന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായരെ സി.കെ. നാണു എംഎല്‍എ ആദരിക്കും. എം. മുകുന്ദന്‍ ഉപഹാരം സമര്‍പ്പിക്കും. തുടര്‍ന്ന് എം.ടിയുമായി വിദ്യാര്‍ത്ഥികളുടെ മുഖാമുഖം നടക്കും. ആഷാ മേനോന്‍ എം.ടിയുടെ യാത്രകള്‍ എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തും. എഴുത്തിലെ കല എം.ടി. കൃതികളുടെ നവവായന എന്ന വിഷയത്തില്‍ ഡോ. വി. രാജകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം എംടിയുടെ പാട്ടുലോകങ്ങള്‍ വി.ടി. മുരളി അവതരിപ്പിക്കും. എം.ടിയുടെ നോവല്‍ ലോകങ്ങള്‍ സാമൂഹിക രൂപങ്ങളുടെ നിര്‍മിതി എന്ന വിഷയത്തില്‍ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് പ്രബന്ധം അവതരിപ്പിക്കും. 22ന് രാവിലെ 9.30ന് ആധുനീകനായ എം.ടി എന്ന വിഷയത്തില്‍ ഡോ. പി.പി. രവീന്ദ്രന്‍, എം.ടിയുടെ ലേഖനങ്ങള്‍ ആഖ്യാനത്തിന്റെ സൗന്ദര്യം എന്ന വിഷയത്തില്‍ കഥാകൃത്ത് ആര്‍. ഉണ്ണി, വിവര്‍ത്തനത്തിലെ ആള്‍മാറാട്ടം: സേതുവിന്റെ രണ്ട് ലോകങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. കെ.എം. ഷെരീഫ്, കാണാവുന്ന ലോകം എം.ടിയുടെ ചലച്ചിത്രമെഴുത്ത് എന്ന വിഷയത്തില്‍ ഡോ. ആര്‍.വി.എം. ദിവാകരന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സമാപന സമ്മേളനത്തില്‍ എം. പ്രഭാകരന്‍ മുഖ്യാതിഥിയാകുമെന്നും സംഘാടകര്‍ അറിയിച്ചു. മലയാളവിഭാഗം മേധാവി കെ. വീരാന്‍കുട്ടി, അസിസ്റ്റന്റ് പ്രൊഫ. രാജേന്ദ്രന്‍ എടുത്തുംകര, ടി. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.