മീന്‍ കൃഷിയുടെ ഭാവി ജാഗ്രതകള്‍

Sunday 9 April 2017 11:36 am IST

പൂക്കോടിലെ നൈസര്‍ഗിക ശുദ്ധജല തടാകത്തില്‍ ഫിഷറീസ് വകുപ്പ് ബെംഗളൂരുവിലെ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിച്ച അക്വാപാര്‍ക്ക് ഈ മാസം 22ന് സന്ദര്‍ശര്‍ക്ക് തുറന്നുകൊടുക്കും. തദ്ദേശീയ മത്സ്യയിനങ്ങള്‍, കൂടുകളിലെ മത്സ്യകൃഷി എന്നിവയില്‍ മീന്‍ കര്‍ഷകരടക്കമുള്ളവര്‍ക്ക് അറിവ് പകരുകയെന്ന ലക്ഷ്യത്തോടെ 30 ലക്ഷം രൂപ ചെലവില്‍ തയാറാക്കിയതാണ് അക്വാ പാര്‍ക്ക്. നാല് മീറ്റര്‍ വീതം നീളവും വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള 10 കൂടുകളാണ് പാര്‍ക്കിലുള്ളത്. മഹസീര്‍, കരിമീന്‍, വരാല്‍, നാടന്‍ മുഷി, വാള തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് കൂടുകളില്‍ വളര്‍ത്തുന്നത്. രാവിലെ 10 മുതല്‍ നാല് വരെയാണ് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. മത്സ്യക്കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസ്, സെമിനാര്‍ എന്നിവയും ഇവിടെ നടത്തും. റിസര്‍വോയറുകള്‍, ഖനനം നിലച്ച ക്വാറികളിലെ ആഴമുള്ള വെള്ളക്കെട്ടുകള്‍, അമ്പലക്കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഏറ്റവും യോജിച്ചതാണ് സാങ്കേതികജ്ഞാനം ഏറെ ആവശ്യമില്ലാത്ത കൂടുകളിലെ മീന്‍കൃഷി. ഇത്തരം ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെങ്കിലും തീറ്റകൊടുപ്പും വിളവെടുപ്പും ദുഷ്‌കരമാണ്. എന്നാല്‍ റിസര്‍വോയറുകളിലും മറ്റും കൂടുകള്‍ സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ തീറ്റനല്‍കലും വിളവെടുപ്പും എളുപ്പമാകും. ഓരോ മത്സ്യക്കുഞ്ഞിന്റെയും വളര്‍ച്ച വിവിധ ഘട്ടങ്ങളിലായി വിലയിരുത്താനുമാകും. മീനുകളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിനു പുറമേ മത്സ്യ നഴ്‌സറിയായും കൂടുകള്‍ ഉപയോഗപ്പെടുത്താനാകും. രണ്ട് സെന്റീമീറ്റര്‍ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് മീന്‍കൂടിലെ വലയില്‍ നിക്ഷേപിക്കുക. തീറ്റ കൊടുത്ത് വളര്‍ത്തുന്ന ഇവയ്ക്ക് പത്ത് സെന്റീമീറ്ററ് വലിപ്പമാകുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ത്തന്നെ ആവശ്യക്കാര്‍ക്ക് നല്‍കാം. നിക്ഷേപിച്ച് ആറ് മാസമാകുമ്പോഴേക്കും മീനുകള്‍ പൊരിക്കാന്‍ പാകത്തിള്ള (ടേബിള്‍ സൈസ്) വളര്‍ച്ചയും കൈവരിക്കും. തമിഴ്‌നാട്ടിലെ ഭവാനി സാഗര്‍, കര്‍ണാടകയിലെ കൃഷ്ണരാജ സാഗര്‍ അണകളില്‍ മീന്‍കൂടുകള്‍ സ്ഥാപിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പാദനം നടത്തുന്നുണ്ട്. രണ്ട് ഡസന്‍ മീന്‍കൂടുകളുടെ കൂട്ടത്തെ 'ബാറ്ററി' എന്നാണ് വിശേഷിപ്പിക്കുന്നത്. 'ബാറ്ററി'കളുടെ നടത്തിപ്പിന് നാഷണല്‍ ഫിഷറീസ് ഡലവപ്പ്‌മെന്റ് ബോര്‍ഡ്(എന്‍എഫ്ഡിബി) സാമ്പത്തിക, സാങ്കേതിക സഹായവും അനുവദിക്കുന്നുണ്ട്. വയനാട്ടില്‍ കാരാപ്പുഴയിലും ബാണാസുരസാഗറിലും കൂടുകളിലെ മീന്‍കൃഷിക്ക് വമ്പിച്ച സാധ്യതയാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ആഴമുള്ള വെള്ളക്കെട്ടുകളുള്ള നിരവധി കല്‍മടകളും ജില്ലയിലുണ്ട്. കാരാപ്പുഴയിലും ബാണാസുരസാഗറിലും കൂടുകളിലെ മീന്‍കൃഷി സാധ്യമാകുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വൈദ്യുതി, ജലസേചന വകുപ്പുകളുടെ അനുവാദത്തോടെയേ ബാണാസുരസാഗറില്‍ 'ബാറ്ററികള്‍' സ്ഥാപിക്കാനാവൂ. കാരാപ്പുഴയില്‍ മീന്‍കൂടുകള്‍ വയ്ക്കണമെങ്കില്‍ ജലസേചന, ടൂറിസം വകുപ്പുകള്‍ സഹകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.